ഷിൻഡെ വെല്ലുവിളിക്ക് പിന്നാലെ ബി.ജെ.പി മന്ത്രിയുടെ ‘ജനത ദർബാർ’
text_fieldsമുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെക്ക് വെല്ലുവിളിയായി അദ്ദേഹത്തിന്റെ ശക്തികേന്ദ്രമായ താനെയിൽ ബി.ജെ.പി മന്ത്രിയുടെ ‘ജനത ദർബാർ’. സംസ്ഥാന വനംവകുപ്പ് മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗണേഷ് നായിക്കാണ് തിങ്കളാഴ്ച താനെയിൽ ജനത ദർബാർ നടത്തുന്നത്. തന്നെ ആരും നിസ്സാരമായി കാണേണ്ടെന്ന് ബി.ജെ.പിയെ ലക്ഷ്യംവെച്ച് ഷിൻഡെ വെല്ലുവിളിച്ചതിന് പിന്നാലെയാണിത്.
തന്നെ നിസ്സാരമായി കണ്ടവരെ അട്ടിമറിച്ചെന്നും ആർക്കാണോ തന്നെ മനസ്സിലാകാത്തത് അവർ ഈ സൂചനയിൽനിന്ന് മനസ്സിലാക്കട്ടെയെന്നും ഷിൻഡെ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഷിൻഡെയുടെ കടുത്ത എതിരാളിയാണ് ഗണേഷ് നായിക്. നായികിനെ തൊട്ടടുത്ത പാൽഘർ ജില്ലയുടെ രക്ഷാകർതൃമന്ത്രിയാക്കിയതും ഷിൻഡെയെ ലക്ഷ്യംവെച്ചാണെന്നാണ് പറയപ്പെടുന്നത്.
തന്നെ തഴഞ്ഞ് ബി.ജെ.പി ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയതു മുതൽ ഷിൻഡെ ഉടക്കിലാണ്. അതേസമയം, ബി.ജെ.പി-ഷിൻഡെ പക്ഷ ശിവസേന-അജിത് പക്ഷ എൻ.സി.പി കൂട്ടുകെട്ട് ശക്തമാണെന്നും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം എല്ലാ ജില്ലകളിലും ജനത ദർബാർ നടന്നുവരുന്നുണ്ടെന്നും ഗണേഷ് നായികിന്റെ മകൻ പറഞ്ഞു.
ഷിൻഡെക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകമായ സന്ദർഭവും സ്ഥലവും വേണ്ടെന്നും താനെയിൽ വരുമ്പോഴൊക്കെ ആനന്ദ് മഠിൽ ജനങ്ങളെ നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതായും ശിവസേന എം.പി നരേഷ് മസ്കെ പറഞ്ഞു. ബി.ജെ.പി-ഷിൻഡെ പക്ഷത്തിനിടയിൽ പോര് മുറുകുന്നതിന്റെ സൂചനയായാണ് ബി.ജെ.പിയുടെ ജനത ദർബാർ നിരീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

