ബകു (അസർബൈജാൻ): മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷിക വേളയിൽ സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി അസർബൈജാൻ. ചേരിചേരാ രാജ്യങ്ങളുടെ ഉച്ചകോടിയിൽ പെങ്കടുക്കാൻ അസർബൈജാെൻറ തലസ്ഥാനമായ ബകുവിൽ എത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഇതിന് അസർബൈജാൻ ഭരണകൂടത്തോട് നന്ദി പറഞ്ഞു.
ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തിൽ വിവിധ രാജ്യങ്ങൾ ഇതിഹാസ നായകനെ അനുസ്മരിക്കുന്നുണ്ട്. ഫ്രാൻസും ശ്രീലങ്കയും ഗാന്ധിജയന്തി ദിനത്തിൽ സ്മാരക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. അസർബൈജാനിലെ പ്രവാസി സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി എത്തിയപ്പോഴാണ് ഉപരാഷ്ട്രപതി നന്ദിപ്രകാശനം നടത്തിയത്.
മലയാളികളടക്കം നിരവധി ഇന്ത്യൻ പ്രവാസികൾ പരിപാടിക്ക് എത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ എന്നിവരും പ്രവാസി സമ്മേളനത്തിൽ പങ്കെടുത്തു.