കൊൽക്കത്തയിൽ ദുർഗാപൂജക്ക് തയാറാക്കിയ മഹിഷാസുരന് ഗാന്ധിജിയുമായി സാമ്യം; പ്രതിഷേധത്തെ തുടർന്ന് മാറ്റി
text_fieldsകൊൽക്കത്ത: ദുർഗാപൂജക്കായി സ്ഥാപിച്ച മഹിഷാസുര രൂപത്തിന് ഗാന്ധിജിയുമായുള്ള രൂപസാദൃശ്യത്തെ തുടർന്ന് പ്രതിഷേധം ശക്തം. കൊൽക്കത്ത റൂബി ക്രോസിങ്ങിനു സമീപം അഖില ഭരതീയ ഹിന്ദുമഹറാസഭ സംഘടിപ്പിച്ച ദുർഗ പൂജയിലെ വിഗ്രഹമാണ് പ്രതിഷേധം വിളിച്ചു വരുത്തിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി വിഗ്രഹത്തിന്റെ രൂപം മാറ്റി. എന്നാൽ രൂപ സാദൃശ്യം യാദൃച്ഛികം മാത്രമാണെന്ന് സംഘാടകർ അറിയിച്ചു. ദുർഭരണം അവസാനിപ്പിക്കാൻ ദുർഗാദേവി യുദ്ധത്തിൽ മഹിഷാസുരനെ വധിച്ചുവെന്നാണ് ഐതിഹ്യം.
'ആദ്യം ഇവിടെ ഉണ്ടായിരുന്ന മഹിഷാസുര രൂപത്തിന് മഹാത്മാഗാന്ധിയുടെ മുഖസാദൃശ്യമുണ്ടായിരുന്നു. സമാനതകൾ യാദൃച്ഛികം മാത്രമാണ്. എന്നാൽ ഇതിന്റെ ഫോട്ടോകൾ വൈറലായതോടെ പൊലീസ് സംഘം പന്തൽ സന്ദർശിച്ച് രൂപം മാറ്റാൻ ആവശ്യപ്പെട്ടു'വെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു.
മഹിഷാസുര രൂപത്തിന് ഗാന്ധിയുമായുള്ള സാമ്യതമാറ്റാൻ മീശയും മുടിയും വെച്ചുവെന്നും ആരുടെയും വികാരം വ്രണപ്പെടുത്താൻ സംഘടന ഉദ്ദേശിച്ചിട്ടില്ലെന്നും അഖില ഭാരതീയ ഹിന്ദു മഹാസഭ പറഞ്ഞു.
കഴിഞ്ഞ ദിവസം ആൾട്ട് ന്യൂസ് സീനിയർ എഡിറ്റർ ഇന്ദ്രദീപ് ഭട്ടാചാര്യ കൊൽക്കത്ത പൊലീസിനെ ടാഗ് ചെയ്ത് ഈ വിഗ്രഹത്തിന്റെ ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. ഇത്തരം ചിത്രങ്ങൾ ഉത്സവ വേളയിൽ സംഘർഷം സൃഷ്ടിച്ചേക്കാമെന്നതിനാൽ പിൻവലിക്കാൻ പൊലീസ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ ഞാൻ അവരുടെ അഭ്യർത്ഥന പാലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു.'അഖില ഭാരതീയ ഹിന്ദു മഹാസഭ ചെയ്തതിനെ അപലപിക്കുന്നു. ഞങ്ങൾക്കും ഗാന്ധിജിയുടെ വീക്ഷണങ്ങളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെതിരെ പ്രതിഷേധിക്കാനുള്ള മാർഗമല്ല ഇത്.' -ബംഗിയ പരിഷത്ത് ഹിന്ദു മഹാസഭ പ്രസിഡന്റ് സന്ദീപ് മുഖർജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും ഗാന്ധിയെ മഹിഷാസുരനായി ചിത്രീകരിച്ചതിനെ രൂക്ഷമായി വിമർശിച്ചു.'ഇത് രാഷ്ട്രപിതാവിനോടുള്ള അവഹേളനമാണ്. രാജ്യത്തെ എല്ലാ പൗരന്മാർക്കും ഇത് അപമാനമാണ്. ഇതിനെ കുറിച്ച് ബി.ജെ.പി എന്ത് പറയുന്നു? ഗാന്ധിജിയുടെ ഘാതകൻ ഏത് പ്രത്യയശാസ്ത്ര കാമ്പിൽ പെട്ടയാളാണെന്ന് ഞങ്ങൾക്കറിയാം' -തൃണമൂൽ കോൺഗ്രസ് സംസ്ഥാന വക്താവ് കുനാൽ ഘോഷ് പറഞ്ഞു.
സംസ്ഥാന ബി.ജെ.പിയും സംഭവത്തെ വിമർശിച്ചു. 'ഇത്തരമൊരു സംഭവം നിർഭാഗ്യകരമാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു. ഇത് മോശം പ്രവണതയാണ്' -ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

