രണ്ട് തവണ ധീരത മെഡൽ; കേണൽ അശുതോഷിെൻറ വീരമൃത്യു ലക്ഷ്യം കൈവരിച്ച ശേഷം
text_fieldsശ്രീനഗർ: ജമ്മു - കശ്മീരിലെ ഹന്ദ്വാര ഏറ്റുമുട്ടലിൽ കേണൽ അശുതോഷ് ശർമ്മ വീരമൃത്യു വരിച്ചത് ലക്ഷ്യം കൈവരിച്ച ശേഷമാണെന്ന് സഹപ്രവർത്തകർ. രണ്ട് തവണ ധീരതയ്ക്കുള്ള മെഡൽ നേടിയുള്ള സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ലശ്കറെ ത്വയ്ബ കമാൻഡർ ഹൈദറിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം സഹപ്രവർത്തകരോട് പറയുമായിരുന്നു. ഹന്ദ്വാര ഏറ്റുമുട്ടലിൽ ഈ ലക്ഷ്യം സാധ്യമാക്കാൻ അദ്ദേഹത്തിനായി. ഇവിടെ കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ ഹൈദർ ആണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായിരുന്നു കേണൽ അശുതോഷ് ശർമ്മ. ഗാർഡ്സ് റെജിമെന്റിന്റെ ഭാഗമായ കേണൽ അശുതോഷ് വളരെക്കാലമായി കശ്മീർ താഴ്വരയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കമാൻഡിങ് ഓഫിസർ എന്ന നിലയിലാണ് രണ്ട് തവണ ധീരതയ്ക്കുള്ള സൈനിക മെഡൽ സ്വന്തമാക്കിയത്.
വസ്ത്രത്തിനുള്ളിൽ ഗ്രനേഡ് ഒളിപ്പിച്ചു കൊണ്ട് സൈനികർക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ വെടിവെച്ചിട്ടതിനാണ് രണ്ടാം തവണ അദ്ദേഹത്തിന് ധീരതയ്ക്കുള്ള ബഹുമതി ലഭിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ നിവാസിയായ അദ്ദേഹത്തിന് ഭാര്യയും 12 വയസ്സുള്ള മകളുമുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെടുന്ന ആദ്യത്തെ കമാൻഡിങ് ഓഫീസറോ കേണൽ പദവിയിലുള്ള കരസേനയിലെ സൈനിക ഉദ്യോഗസ്ഥനോ ആണ് അശുതോഷെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു.
അഞ്ച് വർഷം മുമ്പ് 2015 ജനുവരിയിൽ കശ്മീർ താഴ്വരയിൽ നടന്ന ഓപ്പറേഷനിൽ രാഷ്ട്രീയ റൈഫിൾസിലെ തന്നെ കേണൽ എം.എൻ റായ് വീരമൃത്യു വരിച്ചിരുന്നു. അതേ വർഷം നവംബറിൽ കേണൽ സന്തോഷ് മഹാദിക്കും ജീവൻ നഷ്ടപ്പെട്ടു.
കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ ചാഞ്ച്മുല്ല മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കേണൽ അശുതോഷിന് പുറമേ മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ് എന്നീ സൈനികരും ജമ്മു - കശ്മീർ പൊലീസിലെ എസ്.ഐ ഷക്കീൽ ഖാസിയുമാണ് വീരമൃത്യു വരിച്ചത്.
ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ എട്ടുമണിക്കൂറോളം നീണ്ടു. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരവാദികൾ കടക്കുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തതായി സുരക്ഷാസേനയ്ക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സൈന്യവും ജമ്മു -കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.
സുരക്ഷാസേന വീട്ടുകാരെ മോചിപ്പിക്കുകയും രണ്ട് ഭീകരരെ വധിക്കുകയും ചെയ്തു.
അതിനിടെ, ഹന്ദ്വാരയിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികർക്കും പൊലീസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ഇവരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് മോദി ട്വീറ്ററിലൂടെ വ്യക്തമാക്കി.
'അർപ്പണബോധത്തോടെയാണ് ജവാൻമാർ രാജ്യത്തെ സേവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അവർ അഹോരാത്രം പ്രവർത്തിച്ചു' -മോദി ട്വീറ്റ് ചെയ്തു.
വീരമൃത്യു വരിച്ച ജവാൻമാർക്കും പൊലീസ് ഉദ്യോഗസ്ഥനും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സൈനിക മേധാവി വിപിൻ റാവത്ത് എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
