ചൈനീസ് റോബോഡോഗിന്റെ പിതൃത്വം അവകാശപ്പെട്ടു; ഗാൽഗോത്തിയ സർവകലാശാലയെ ഉച്ചകോടിയിൽനിന്ന് പുറത്താക്കി
text_fieldsന്യൂഡൽഹി: ചൈനീസ് ‘യൂനിട്രീ’ റോബോഡോഗിനെ ‘ഓറിയോൺ’ എന്ന പേരിട്ട് തങ്ങളുടെ നിർമിതിയായി അവതരിപ്പിച്ച് രാജ്യത്തെ നാണം കെടുത്തിയ ഗാൽഗോത്തിയ സർവകലാശാലയെ എ.ഐ ഉച്ചകോടിയിൽനിന്ന് പുറത്താക്കി. സർവകലാശാലയുടെ അവകാശവാദം ഏറ്റുപിടിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് വിഡിയോ പങ്കുവെച്ചതിന് പിന്നാലെ ചൈനീസ് മാധ്യമങ്ങൾ നിജസ്ഥിതി പുറത്തുകൊണ്ടുവന്നത് അന്തർദേശീയ തലത്തിൽ ഇന്ത്യക്ക് നാണക്കേടായി. തുടർന്നാണ് സർവകലാശാലയെ എ.ഐ ഉച്ചകോടി എക്സ്പോയിൽനിന്ന് പുറത്താക്കിയത്. രാജ്യത്തിന് അപരിഹാര്യമായ പരിക്കുണ്ടാക്കിയതിന് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും രംഗത്തുവന്നു.
നാല് കാലിൽ സാധാരണ മൃഗങ്ങളെപോലെ നടക്കുന്ന റോബോട്ടാണ് ചൈനയുടെ യൂനിട്രീ റോബോഡോഗ്. തങ്ങളുടെ സെൻറർ ഓഫ് എക്സലൻസ് വികസിപ്പിച്ചതാണ് എന്ന് അവകാശപ്പെട്ട് ഗ്രേറ്റർ നോയ്ഡയിലെ സർവകലാശാലയിലെ പ്രഫസർ നേഹ സിങ് അഭിമുഖങ്ങൾ നൽകിയത് ചൈനീസ് മാധ്യമങ്ങൾ പൊളിക്കുകയായിരുന്നു.
ഭാരത് മണ്ഡപത്തിൽ നടക്കുന്ന എ.ഐ ഇംപാക്ട് എക്സ്പോയിലെ സ്റ്റാൾ അടച്ചു പൂട്ടാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഗാൽഗോത്തിയ സർവകലാശാല സ്ഥലം കാലിയാക്കി. അധികൃതരുടെ കർശന നിർദേശത്തെ തുടർന്ന് സ്റ്റാളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഗ്രേറ്റർ നോയിഡ ആസ്ഥാനമായ സർവകലാശാലയുടെ സ്റ്റാഫും വിദ്യാർഥികളും അവരുടെ പവിലിയൻ വിട്ടുപോയി.
സമൂഹമാധ്യമത്തിൽ ഉൾപ്പെടെ ശക്തമായ രോഷപ്രകടനം വ്യാപകമായതോടെയാണ് അധികൃതർ കർശന നടപടിയെടുത്തത്. സർവകലാശാല സ്വന്തം നിർമിതിയായി അവകാശപ്പെട്ട് ഒറിയോൺ എന്ന പേരിട്ട് അവതരിപ്പിച്ച റോബോട്ട് നായ് യഥാർഥത്തിൽ ചൈനീസ് നിർമിത യൂനിട്രീ ജി.ഒ2 ആണെന്നും, ആഭ്യന്തരമായി നിർമിച്ചതല്ലെന്നുംപിന്നീട് വ്യക്തമായി. യൂനിട്രീ റോബോട്ടിക്സിൽ നിന്ന് വിദ്യാർഥികളുടെ എ.ഐ പ്രോഗ്രാമിങ് പഠനാവശ്യത്തിനായി പണം കൊടുത്തു വാങ്ങിയതാണെന്ന് സർവകലാശാല അധികൃതർ പിന്നീട് സമ്മതിച്ചു.
കാര്യങ്ങൾ കൃത്യമായി വിശദീകരിക്കുന്നതിലുള്ള ആശയവിനിമയത്തിലെ അപാകത ആയിരിക്കാം വിവാദത്തിലേക്ക് നയിച്ചതെന്നും തങ്ങൾക്കെതിരെയുള്ള നടപടി സ്റ്റാഫിനെയും വിദ്യാർഥികളെയും വേദനിപ്പിച്ചെന്നും സർലകലാശാലയിലെ പ്രഫസറായ നേഹ സിങ് പിന്നീട് വിശദീകരണവുമായി രംഗത്തുവന്നു.
നാണംകെടുത്തിയെന്ന് രാഹുലും കോൺഗ്രസും
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിഭയും ഡേറ്റയും പ്രയോജനപ്പെടുത്തുന്നതിന് പകരം എ.ഐ ഉച്ചകോടിയെ സംഘാടനപ്പിഴവിന്റെ പി.ആർ മേളയാക്കി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചൈനീസ് ഉൽപന്നങ്ങൾ കാണിച്ച് ഇന്ത്യൻ ഡേറ്റയെ വിൽപനക്ക് വെച്ചിരിക്കുകയാണെന്നും രാഹുൽ തുടർന്നു.
നവീന ആശയങ്ങളുടെയും വിവര കൈമാറ്റത്തിന്റെയും പ്ലാറ്റ്ഫോം ആക്കാമായിരുന്ന എ.ഐ ഉച്ചകോടി തരംതാണ ചൈന ബസാറാക്കി മാറ്റിയെന്നും പ്രധാനമന്ത്രിക്ക് കൈകൊടുക്കാൻ മാത്രമുള്ള ഉച്ചകോടിയായി ഇത് മാറിയെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.
ചൈനീസ് റോബോട്ടുകൾ ഇന്ത്യയുടേതാക്കി നിർമിതബുദ്ധിയിൽ മോദി സർക്കാർ ഇന്ത്യയെ ലോകത്തിന് മുന്നിൽ കോമാളികളാക്കി. ചൈനീസ് മാധ്യമങ്ങൾ ഇന്ത്യയെ പരിഹസിച്ചത് അങ്ങേയറ്റം രാജ്യത്തിന് നാണക്കേടുണ്ടാക്കി. മോദി സർക്കാറിലെ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ ഇന്ത്യൻ ഉച്ചകോടിയിൽ ചൈനീസ് റോബോട്ടുകൾക്ക് പ്രചാരണം നൽകിയത് അതിലേറെ വഷളായി. നിർമിതബുദ്ധിയെ കേവലമൊരു തമാശയാക്കി മാറ്റി ഈ മേഖലയിൽ ലോകത്തെ നയിക്കാൻ കഴിയുമായിരുന്ന രാജ്യത്തിന്റെ പ്രതിച്ഛായക്ക് അപരിഹാര്യമായ പരിക്കാണ് മോദി സർക്കാർ ഏൽപിച്ചതെന്നും കോൺഗ്രസ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

