മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഞങ്ങളെ കാണൂ, ഒന്നല്ല, ആറ് ഇരകളെ ഹാജരാക്കാം; നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്ത് E20 പ്രതിഷേധക്കാർ
text_fieldsന്യൂഡൽഹി: ഇരുപത് ശതമാനം എഥനോൾ കലർത്തുന്ന E20 പെട്രോളുമായി ബന്ധപ്പെട്ട് വിവാദം കത്തുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്തു പ്രതിഷേധക്കാർ. E20 പെട്രോളിനെ വിമർശിക്കുന്നവരോട്, ഇന്ധനം മൂലം തകരാറിലായ ഒരു വാഹനത്തിന്റെ ഉടമയെ എങ്കിലും കാണിച്ചുതരാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെല്ലുവിളിച്ചിരുന്നു. എന്നാൽ ഒരാളെയല്ല, അങ്ങനെയുള്ള ആറുപേരെ ഹാജരാക്കാം എന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗഡ്കരി മാധ്യമപ്രവർത്തകരുടെ മുന്നിൽ വെച്ച് തങ്ങളെ കാണണമെന്ന നിബന്ധനയും ഇവർ മുന്നോട്ടുവെച്ചു.
രാജ്യത്ത് പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തൽ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഏകദേശം 80 ശതമാനം വാഹനങ്ങളും E10 (10 ശതമാനം എഥനോൾ) ഇന്ധനത്തിന് മാത്രമായി രൂപകൽപ്പന ചെയ്തവയായതിനാൽ, തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കുറയുന്നതായും വാഹനം വേഗത്തിൽ കേടാകുന്നതായും വ്യാപക പരാതി ഉയർന്നു. ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രം, E10 വാഹനങ്ങളിൽ പോലും E20 സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ വിമർശകർ തയ്യാറായിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ E20 ഇന്ധനത്തിനെതിരെ നടന്ന ആദ്യ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ആക്ടിവിസ്റ്റും സംരംഭകനുമായ തെഹ്സീൻ പൂനവാല, ഗഡ്കരിയുടെ വെല്ലുവിളി സ്വീകരിച്ച് വീഡിയോ സന്ദേശം പുറത്തിറക്കി. നേരത്തെ ഇദ്ദേഹം എഥനോൾ മൂലം ദുരിതമനുഭവിക്കുന്നവരെ ഗഡ്കരിയുടെ വസതിയിലെത്തിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മന്ത്രിയുടെ വസതിയിലേക്ക് പോകരുതെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
"നിതിൻ ഗഡ്കരി ജിയുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിച്ചു. അദ്ദേഹത്തിന്റെ വെല്ലുവിളിയനുസരിച്ച്, E20 കാരണം വാഹനങ്ങൾക്ക് തകരാർ സംഭവിച്ച ആളുകളെ നേരിൽ കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു... ഞങ്ങളുടെ പക്കൽ അങ്ങനെയുള്ള ആറുപേരുണ്ട്. എന്നാൽ നിതിൻ ഗഡ്കരി ജിയുമായി ഒരു കൂടിക്കാഴ്ച ക്രമീകരിക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ല. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാൻ തീരെ കഴിയില്ല. പോയാൽ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്യും," പൂനവാല പറഞ്ഞു.
അതേസമയം ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ, കുടുംബത്തിന് എഥനോൾ ബിസിനസ് ഉണ്ടെന്നിരിക്കെ അത്തരത്തിലുള്ള ആരോപണങ്ങളെയും ഗഡ്കരി നിഷേധിച്ചു. "എഥനോൾ നയത്തിൽ നിന്ന് എനിക്ക് യാതൊരു നേട്ടവുമില്ല. എഥനോൾ ഉൽപ്പാദനത്തിൽ എനിക്കുള്ളത് വെറും 0.07% ഓഹരി മാത്രമാണ്. ഇത്രയും ചെറിയ ഓഹരി ഉള്ളപ്പോൾ സാമ്പത്തിക നേട്ടത്തെക്കുറിച്ചുള്ള ചോദ്യമേ ഉദിക്കുന്നില്ല," ഗഡ്കരി പറഞ്ഞു.
ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും, കർഷകരുടെ വരുമാനം വർധിപ്പിക്കാനും, മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് E20 പെട്രോൾ നിർബന്ധമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
E20 പെട്രോളിന് മൈലേജ് കുറയുന്നുണ്ടെന്നും, പല വാഹനങ്ങളും കേടായിട്ടുണ്ടെന്നുമാണ് ആളുകളുടെ പരാതി.
E20 പെട്രോളിലെ 20 ശതമാനം എഥനോൾ ഘടകം ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റത്തിലെ റബ്ബർ ഭാഗങ്ങളെ നശിപ്പിച്ചുവെന്നാണ് വാഹന ഉടമകൾ പറയുന്നത്. E10-ന് അനുയോജ്യമായ വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുന്നത് ഇന്ധന സംവിധാനത്തിലെ റബ്ബർ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ARAI) പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

