സംഘ്പരിവാര്‍ ഭീഷണിയില്‍ പേടിച്ചോടുന്ന പാര്‍ട്ടിയല്ല സി.പി.എം –ശ്രീരാമ റെഡ്ഡി
text_fieldsമംഗളൂരു: സംഘ്പരിവാര്‍ ഭീഷണിയില്‍ മുട്ടുവിറച്ച് കരാവലി സൗഹാര്‍ദറാലിയില്‍നിന്ന് സി.പി.എം പിന്മാറില്ളെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജി.വി. ശ്രീരാമ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന റാലി നടത്തണമെന്നത് പാര്‍ട്ടി ജില്ല കമ്മിറ്റിയുടെ തീരുമാനമാണ്. അത് നടപ്പാക്കുകതന്നെ ചെയ്യും.
രാജ്യത്തിന്‍െറ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമില്ലാതെ ഹിന്ദുത്വ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഫാഷിസ്റ്റുകള്‍ ബന്ദ് പ്രഖ്യാപിക്കുകയും പിണറായി വിജയനെ തടയുമെന്ന് ഭീഷണിമുഴക്കുകയും ചെയ്യുന്നു. പിണറായിയെ അവര്‍ കൊലയാളി എന്ന് ആക്ഷേപിക്കുന്നു. സാമൂഹികനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ഭൂമിയുടെ അവകാശത്തിനും വേണ്ടി നടന്ന സ്വാതന്ത്ര്യപൂര്‍വ പോരാട്ടങ്ങളുടെ മുന്‍നിരയില്‍നിന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ആ പാതയിലൂടെതന്നെയാണ് നീങ്ങുന്നത്.
ശ്രീനാരായണ ഗുരുവിന്‍െറ പാദസ്പര്‍ശമേറ്റ ഈ ഭൂമി ഫാഷിസ്റ്റുകളുടെ വര്‍ഗീയത പരിശീലനശാലയാക്കുന്നതിനെതിരെ ജനമനസ്സുണര്‍ത്താനാണ് സൗഹാര്‍ദറാലി. സംഘ്പരിവാറിന്‍െറ സമീപകാല ചെയ്തികള്‍ സൃഷ്ടിച്ച അരക്ഷിതബോധത്തില്‍നിന്ന് ന്യൂനപക്ഷങ്ങളെയും ദലിതരെയും കരകയറ്റാന്‍ കേരള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തോടെ പാര്‍ട്ടി നടത്തുന്ന റാലി ജനാധിപത്യ, മതേതര വിശ്വാസികള്‍ വിജയിപ്പിക്കണമെന്ന് റെഡ്ഡി അഭ്യര്‍ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.ജെ.കെ. നായര്‍, ജെ. ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന കമ്മിറ്റി അംഗം കെ. യാദവ് ഷെട്ടി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് മുനീര്‍ കാടിപ്പള്ള എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
