ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ റഷ്യയെ മറികടന്ന് ഇന്ത്യ മൂന്നാമതെത്തിയതിന് പിന്നാലെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് 19, നോട്ട്നിരോധനം, ജി.എസ്.ടി നടപ്പാക്കൽ എന്നിവയിലെ പരാജയം അമേരിക്കയിലെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ ഭാവിയിൽ പഠന വിഷയമാക്കാമെന്നായിരുന്നു രാഹുലിെൻറ വിമർശനം. രാജ്യം കോവിഡിനെ എങ്ങനെയാണ് പ്രതിരോധിക്കാൻ പോകുന്നതെന്ന് സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളും രാഹുൽ പരിഹാസരൂപേണ ട്വിറ്ററിൽ നൽകിയിട്ടുണ്ട്.
‘മഹാഭാരത യുദ്ധം 18 ദിവസം കൊണ്ടാണ് വിജയിച്ചത്. കോവിഡിനെതിരായ യുദ്ധം ഇന്ത്യക്ക് 21 ദിവസം കൊണ്ട് വിജയിക്കാൻ കഴിയും’ എന്നായിരുന്നു മാർച്ച് 25ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിക്കുേമ്പാൾ പറഞ്ഞത്. കൂടാതെ പാത്രം കൊട്ടാനും ദീപങ്ങൾ തെളിയിക്കാനുമുള്ള മോദിയുടെ സന്ദേശവും വിഡിയോയിൽ കാണിക്കുന്നുണ്ട്.
മുന്നൊരുക്കമില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് വലിയ പ്രതിസന്ധിയായിരുന്നു ഉടലെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെയാണ് ഇത് ഏറെ ബാധിച്ചത്. പലരും പട്ടിണിയിലായി. സ്വന്തം നാട്ടിലെത്താൻ കിലോമീറ്ററുകൾ കാൽനടയായി പോകുന്നവരുടെ ദയനീയ കാഴ്ചകളായിരുന്നു പിന്നീട് രാജ്യം കണ്ടത്. പലരും ഈ പാലായനത്തിനിടെ മരിച്ചുവീണു.
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യമർപ്പിക്കാനായിരുന്നു വീടിെൻറ ബാൽക്കണിയിൽനിന്ന് പാത്രം കൊട്ടാൻ മോദി ആഹ്വാനം ചെയ്തത്. എന്നാൽ, പലയിടത്തും ജനം കൂട്ടാമയി തെരുവിലിറങ്ങി ആഘോഷമാക്കുന്ന കാഴ്ചയാണ് കണ്ടത്. കോവിഡിെൻറ അന്ധകാരത്തിൽനിന്ന് വെളിച്ചമേകാൻ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മുതല്‍ ഒമ്പത് മിനുറ്റ് നേരമായിരുന്നു വീടുകളില്‍ ഐക്യദീപം തെളിയിച്ചത്.
ലോക്ഡൗൺ തുടങ്ങി 103 ദിവസങ്ങൾ കഴിയുേമ്പാൾ ഞായറാഴ്ച വൈകീട്ട് വരെയുള്ള കണക്കുപ്രകാരം 6.9 ലക്ഷം പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ബ്രസീലുമാണ് ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്. അമേരിക്കയിൽ 29 ലക്ഷവും, ബ്രസീലിൽ 15 ലക്ഷവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകൾ. അമേരിക്കയിൽ 132, 382പേരും, ബ്രസീലിൽ 64,365 പേരുമാണ് മരിച്ചത്. അതേസമയം ഇരു രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ കുറവാണ്. 19,692 പേരാണ് ഇതുവരെ മരിച്ചത്.
Future HBS case studies on failure:
— Rahul Gandhi (@RahulGandhi) July 6, 2020
1. Covid19.
2. Demonetisation.
3. GST implementation. pic.twitter.com/fkzJ3BlLH4