മഹാരാഷ്ട്ര ഗവർണറെ തിരിച്ച് വിളിക്കാൻ ശിവസേന ആവശ്യപ്പെട്ടേക്കും
text_fieldsമുംബൈ: മഹാരാഷ്ട്ര ഗവർണർ ബി.എസ് കോശ്യാരിയെ മാറ്റാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെടാനൊരുങ്ങി ശിവസേന. ആരാധനാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശിവസേനയും ഗവർണറും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർ അയച്ച കത്തിലും പാർട്ടിക്ക് അമർഷമുണ്ട്.
ഘടകകക്ഷികളുമായുള്ള ചർച്ചക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. കോശ്യാരിയുടെ നടപടിക്കെതിരെ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എൻ.സി.പിക്ക് ഇക്കാര്യത്തിൽ അനുകൂലനിലപാടാണ് ഉള്ളതെന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവർണർ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചത്. പരിഹാസരൂപേണയുള്ള കത്തിൽ ഉദ്ധവ് ഇത്ര പെട്ടെന്ന് മതേതരവാദിയായോയെന്നും ചോദിച്ചിരുന്നു.