കർണാടകയിൽ മേയ് 12ന് ശേഷം സമ്പൂർണ ലോക്ഡൗൺ പരിഗണനയിൽ
text_fieldsബംഗളൂരു: ലോക്ഡൗണിന് സമാനമായ കോവിഡ് കർഫ്യൂ സംസ്ഥാനത്ത് നടപ്പാക്കിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും കോവിഡ് കേസുകൾ കുറയാത്ത പശ്ചാത്തലത്തിൽ മേയ് 12നുശേഷം രണ്ടാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശത്തിന് കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ബുധനാഴ്ച അറിയിച്ചു.
പ്രധാനമന്ത്രി എന്താണോ പറയുന്നത് അത് നടപ്പാക്കാൻ ബാധ്യസ്ഥരാണ്. അതിനാൽതന്നെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണ്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളോടെയാണ് മേയ് 12വരെ സമ്പൂർണ കോവിഡ് കർഫ്യൂ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, നിർമാണ പ്രവർത്തനങ്ങൾ, ഫാക്ടറി പ്രവർത്തനം തുടങ്ങിയവക്ക് അനുമതി നൽകിയിട്ടുള്ള നിയന്ത്രണമാണിപ്പോൾ നിലവിലുള്ളത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ഉച്ചവരെ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.
കർഫ്യൂ ഒരാഴ്ച പിന്നിട്ടതോടെ കേസുകൾ കുറഞ്ഞുവരുന്നുണ്ടെന്നും ഭാഗികമായ ഫലം ഉണ്ടായിട്ടുണ്ടെന്നുമാണ് വിദഗ്ധർ അറിയിക്കുന്നത്. 50 ശതമാനം ജീവനക്കാരോടുകൂടി ഗാർെമൻറ് ഫാക്ടറികൾക്കും നിർമാണ പ്രവർത്തനങ്ങളും മറ്റും അനുവദിച്ചിട്ടുണ്ട്.
അത്യാവശ്യത്തിന് മാത്രമാണ് യാത്ര അനുവദിക്കുന്നതെങ്കിലും കാര്യമായ പരിശോധനയില്ലാത്തതിനാൽ നിരത്തിൽ വാഹനത്തിരക്ക് കുറഞ്ഞിട്ടില്ല. കർഫ്യൂ ഏർപ്പെടുത്തിയതിനെ തുടർന്ന് ബംഗളൂരുവിൽനിന്ന് മറ്റു ജില്ലകളിൽ എത്തിയവരിലൂടെ രോഗ വ്യാപനമുണ്ടായിട്ടുണ്ടാകാമെന്നും ഇതാണ് കേസുകൾ ഇപ്പോഴും ഉയരുന്നതെന്നുമാണ് അനുമാനം.
ഈ സാഹചര്യത്തിൽ മേയ് അവസാനം വരെയെങ്കിലും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയാൽ ജൂൺ പകുതിയോടെ വ്യാപനം കുറഞ്ഞുതുടങ്ങുമെന്നാണ് വിദഗ്ധർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മേയ് പത്തിലെ സാഹചര്യം കണക്കിലെടുത്ത് വിദഗ്ധരുടെ നിർദേശം പരിഗണിച്ചുകൊണ്ട് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗത്തിനുശേഷം യെദിയൂരപ്പ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

