
ഹാഥറസ് ഇരയുടെ കുടുംബത്തോടുള്ള വാഗ്ദാനം നിറവേറ്റുക; ഇല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കും; യോഗിക്ക് മുന്നറിയിപ്പുമായി ചന്ദ്രശേഖർ ആസാദ്
text_fieldsഅലിഗഡ്: ഹാഥറസ് ഇരയുടെ കുടുംബത്തോടുള്ള വാഗ്ദാനം നിറവേറ്റിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് യു.പി സർക്കാരിന് മുന്നറിയിപ്പ് നൽകി ആസാദ് സമാജ് പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്. കുടുംബത്തിന് നീതി ലഭിച്ചില്ലെങ്കിൽ 10 ദിവസത്തിന് ശേഷം അലിഗഡ് ഡിവിഷണൽ കമ്മീഷണർ ഓഫീസിൽ അനിശ്ചിതകാല ധർണ ആരംഭിക്കുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
'കുടുംബത്തിന് ജോലിയും പാർപ്പിടവും ഉൾപ്പെടെയുള്ള സാമ്പത്തിക സഹായം നൽകുമെന്ന് ഒരു വർഷം മുമ്പ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വാഗ്ദാനം നൽകിയതാണ്. അത് ഉടനടി പാലിക്കണം'-ഹാഥറസിലുള്ള ഇരയുടെ കുടുംബത്തെ സന്ദർശിച്ചശേഷം ആസാദ് പറഞ്ഞു. അലിഗഡ് ഡിവിഷണൽ കമ്മീഷണർ ഗൗരവ് ദയാലിനെയും ആസാദ് സന്ദർശിച്ചു. കുടുംബത്തിന് വാഗ്ദാനംചെയ്ത സഹായം ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് കമ്മീഷണർ ഉറപ്പുനൽകി.'ഉറപ്പ് പാലിച്ചില്ലെങ്കിൽ 10 ദിവസത്തിനുശേഷം ഞങ്ങൾ അലിഗഡ് ഡിവിഷണൽ കമ്മീഷണർ ഓഫീസിൽ അനിശ്ചിതകാല ധർണ ആരംഭിക്കും'-ആസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാഥറസിൽ പെൺകുട്ടി ആക്രമിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചയ്തത്. പെൺകുട്ടി പിന്നീട് ഡൽഹിയിലെ ആശുപത്രിയിൽ മരിച്ചു.
അലിഗഡ് ദലിതർക്ക് ജീവിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലമായി മാറിയതിനാൽ അവർ ഇവിടെ നിന്ന് കുടിയേറാൻ നിർബന്ധിതരാകുമെന്നും ആസാദ് പറഞ്ഞു.2022 യു.പി നിയമസഭാ തിരഞ്ഞെടുപ്പിനായി തെൻറ പാർട്ടി ഏതെങ്കിലും സഖ്യം രൂപീകരിക്കുമോ എന്ന ചോദ്യത്തിന്, 'ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടിെല്ലന്നും എന്നാൽ ബിജെപിയുടെ തോൽവി ഉറപ്പുവരുത്താനുള്ള ഒരു ശ്രമവും ഞങ്ങൾ ഉപേക്ഷിക്കില്ല'എന്നും അദ്ദേഹം പറഞ്ഞു.