ഇന്ധനവില വർധനവ്; അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര സർവീസുകളും വെട്ടിക്കുറച്ച് എയർ ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ധനവില വർദ്ധനവിനെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെ ആഭ്യന്തര സർവീസുകളിലും കുറവ് വരുത്താൻ എയർ ഇന്ത്യ തീരുമാനിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണമാണ് താൽക്കാലികമായി കുറക്കുന്നത്.
ഉയർന്ന ഇന്ധനവില ആഭ്യന്തര സർവീസുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ച സാഹചര്യത്തിലാണ് സർവീസുകളുടെ എണ്ണം പുനഃക്രമീകരിക്കാൻ എയർ ഇന്ത്യ നിർബന്ധിതമായത്. വരും ദിവസങ്ങളിൽ വിപണിയിലെ ആവശ്യകതയും ഇന്ധനവിലയിലെ സ്ഥിരതയും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ പഴയപടിയുള്ള സർവീസുകൾ പുനഃസ്ഥാപിക്കുകയുള്ളൂവെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
സമാനമായ രീതിയിൽ വ്യോമപാതയിലെ നിയന്ത്രണങ്ങളും റെക്കോർഡ് ഉയർന്ന ഇന്ധനവിലയും കാരണം അന്താരാഷ്ട്ര സർവീസുകളുടെ ലാഭത്തെ ബാധിച്ചതിനെ തുടർന്ന് ഈ മാസം ആദ്യം എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകളിലും താൽക്കാലിക കുറവ് വരുത്തിയിരുന്നു.
അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രതിമാസം 1,200-ലധികം അന്താരാഷ്ട്ര സർവീസുകൾ നിലനിർത്തിക്കൊണ്ടുതന്നെ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാനും യാത്രക്കാരുടെ അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് ഈ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്. സർവീസ് മുടങ്ങുന്ന യാത്രക്കാർക്ക് പകരം വിമാനങ്ങളിൽ യാത്ര സൗകര്യമോ സൗജന്യമായി തീയതി മാറ്റാനുള്ള അവസരമോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ടോ നൽകുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

