Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ പെട്രോൾ...

ഗുജറാത്തിൽ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്, ഇന്ധനക്ഷാമമെന്ന് അഭ്യൂഹം; പലയിടങ്ങളിലും സംഘർഷാവസ്ഥ

text_fields
bookmark_border
Fuel shortage
cancel
camera_alt

ഗുജറാത്തിലെ പെട്രോൾ പമ്പുകളിൽ രൂപപ്പെട്ട തിരക്ക്

അഹ്മദാബാദ്: ഗുജറാത്തിലെ പ്രധാന നഗരങ്ങളിൽ ഇന്ധനക്ഷാമം നേരിടുന്നുണ്ടെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് പെട്രോൾ പമ്പുകളിൽ ജനങ്ങളുടെ വൻ തിരക്ക്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അഹ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലെ പമ്പുകളിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇന്ധനം നിറക്കാനായി എത്തിയത്. ഇത് പലയിടങ്ങളിലും ഗതാഗതക്കുരുക്കിനും സംഘർഷത്തിനും കാരണമായി.

തിരക്ക് വർധിച്ചതോടെ പല പമ്പുകളും ഒരാൾക്ക് നൽകുന്ന ഇന്ധനത്തിന്റെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര വാഹനങ്ങൾക്ക് 200 രൂപക്ക് മാത്രമേ ഇന്ധനം നൽകൂ എന്നതടക്കമുള്ള നിബന്ധനകൾ തർക്കങ്ങൾക്ക് വഴിവെച്ചു. എന്നാൽ സംസ്ഥാനത്ത് പെട്രോൾ, ഡീസൽ എന്നിവക്ക് ക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (IOC) സമാനമായ ഉറപ്പ് നൽകിയിട്ടുണ്ട്.

അതേസമയം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ ചില മാറ്റങ്ങളാണ് താൽക്കാലിക തടസ്സത്തിന് കാരണമായതെന്ന് ഡീലർമാർ ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് സംവിധാനത്തിലെ മാറ്റമാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ ഉണ്ടായിരുന്ന അഞ്ച് ദിവസത്തെ ക്രെഡിറ്റ് സൗകര്യം നിലവിൽ എണ്ണക്കമ്പനികൾ നിർത്തലാക്കി. ഇപ്പോൾ മുൻകൂട്ടി പണമടച്ചാൽ മാത്രമേ ഇന്ധനം ലഭിക്കൂ. കൂടാതെ ശനി, ഞായർ ദിവസങ്ങളിൽ പണമടക്കുന്നതിൽ വന്ന താമസം തിങ്കളാഴ്ചത്തെ വിതരണത്തെ ബാധിച്ചു.

‘നേരത്തെ ഇന്ധനം ലഭിച്ച ശേഷം പണമടച്ചാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ മുൻകൂട്ടി പണമടക്കണം. ഈ മാറ്റം വിതരണത്തിൽ ചെറിയ കാലതാമസമുണ്ടാക്കിയെങ്കിലും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്’-മെഹുൽ പട്ടേൽ (പ്രസിഡന്റ്, ഫെഡറേഷൻ ഓഫ് ഗുജറാത്ത് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ) പറഞ്ഞു. പലയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ബാരിക്കേഡുകളും കയറുകളും ഉപയോഗിക്കേണ്ടി വന്നു. പമ്പുകളിലെ സ്റ്റോക്ക് തീർന്നതോടെ പലയിടങ്ങളും താൽക്കാലികമായി അടച്ചിട്ടത് പരിഭ്രാന്തി വർധിപ്പിച്ചു. എന്നാൽ പുതിയ സ്റ്റോക്ക് എത്തുന്നതോടെ വരും മണിക്കൂറുകളിൽ തിരക്ക് കുറയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gujaratpetrol pumpRumourindian oil corporationFuel crisis
News Summary - Fuel frenzy in Gujarat: Thousands rush to petrol pumps across cities amid shortage rumours
Next Story