തെരുവിൽനിന്ന് കോടതിയിലേക്ക്; ഇൻഡ്യ സഖ്യത്തിന്റെ സമരാഘോഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘോഷമായി മാറി
text_fieldsന്യൂഡൽഹി: കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം വെട്ടിമാറ്റിയശേഷം ഉറക്കം നടിക്കുന്നതിനെതിരെ തെരുവിൽ നിന്ന് കോടതി വരെ പതിനായിരങ്ങളെ അണിനിരത്തി ഇൻഡ്യ സഖ്യം മുഴക്കിയ സമരാഘോഷം ഇന്ത്യൻ ജനാധിപത്യത്തിന്റെ സമരാഘോഷമായി മാറി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയുടെ തെരുവുകളിലിറങ്ങി അടിയും തൊഴിയുമേറ്റ വിദ്യാർഥികളും യുവജനങ്ങളും തങ്ങളോട് അതിക്രമം കാണിച്ച പൊലീസുകാർക്കും ദ്രുത സേനാംഗങ്ങൾക്കും മുന്നിലൂടെ മനസ്സിലുള്ള പ്രതിഷേധമത്രയും പ്രകടിപ്പിച്ചാണ് സുപ്രീംകോടതി മാർച്ച് അക്ഷരാർഥത്തിൽ ആഘോഷമാക്കിയത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്നാരംഭിച്ച മാർച്ച് മണ്ഡി ഹൗസ് എത്തി അവിടെനിന്ന് കൊണാട്ട് പ്ലേസ് കറങ്ങി വീണ്ടും മണ്ഡി ഹൗസിൽ വന്നാണ് സുപ്രീംകോടതി ഭാഗത്തേക്ക് നീങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് നരനായാട്ട് നടന്ന സ്ഥലമാണ് ഡൽഹിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കൊണാട്ട് പ്ലേസ്. ഇവിടെ എത്തിയ സമരക്കാരെയും ജോൺ ബ്രിട്ടാസ് അടക്കമുള്ള ജനപ്രതിനിധികളെയും പൊലീസ് നേരിട്ടത് കേട്ടുകേൾവിയില്ലാത്ത രീതിയിലായിരുന്നു. മലയാളികളടക്കം നിരവധി മാധ്യമ പ്രവർത്തകരും പീഡനത്തിനിരയായി. അതേയിടത്തിൽ ഇടിമുറികളായി ഉപയോഗിച്ചിരുന്ന പൊലീസ് ബസുകൾക്ക് മുകളിൽ കയറിയാണ് തുറന്ന വാഹനത്തിൽ മാർച്ചുമായി നീങ്ങിയ ഇൻഡ്യ സഖ്യം നേതാക്കളെ സമരക്കാരായ വിദ്യാർഥികൾ വരവേറ്റത്.
ഇൻഡ്യ സഖ്യ ഘടകകക്ഷികളുടേതിനുപുറമെ സമരത്തിൽ യോജിക്കുന്ന മുഴുവൻ സംഘങ്ങളും തങ്ങളുടെ രാഷ്ട്രീയത്തിന്റെയും ആശയാദർശങ്ങളുടെയും വൈവിധ്യമാർന്ന മുദ്രാവാക്യങ്ങൾ കൊണ്ട് മാർച്ചിനെ ആവേശംകൊള്ളിച്ചു. സി.ജെ.പിയുടെയും ഐസയുടെയും എസ്.എഫ്.ഐയുടെയും എം.എസ്.എഫിന്റെയും ഫ്രറ്റേണിറ്റിയുടെയും പ്രവർത്തകരെല്ലാം തങ്ങളുടെ കൊടികളേന്തി ‘ഹം ക്യാ ചാഹ്തെ ആസാദി’, ഭാരത് മാതാ കി ജയ്, ഇൻക്വിലാബ് സിന്ദാബാദ്, ചപ്പേ ചപ്പേ സേ ഖൂൻ നികലേഗാ ഇൻക്വിലാബ് കേ നാരേ സേ എന്നിങ്ങനെ വിളിച്ച് മാർച്ചിൽ പങ്കാളികളായി.
ഇന്ത്യയുടെ ആത്മാവിനോട് അഞ്ച് ക്രിമിനലുകൾ ചെയ്ത അതിക്രമത്തിന് സമാധാനം പറയിക്കാൻ കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി പൗരബോധമുള്ള മുഴുവൻ ഇന്ത്യക്കാരെയും സുപ്രീംകോടതി മാർച്ചിന് ക്ഷണിച്ച രാഹുൽ വാക്കിൽ മാത്രമല്ല, വിവിധ കക്ഷി നേതാക്കളെയും വിദ്യാർഥികളായ സമരനായകരെയും മാർച്ചിന്റെ മുൻനിരയിൽ നിർത്തി പ്രവൃത്തിയിലും അത് അന്വർഥമാക്കി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് പുറപ്പെടുമ്പോൾ സഖ്യകക്ഷിനേതാക്കളെയും വിദ്യാർഥി നേതാക്കളെയും മുന്നിലെ ബസിൽ കയറ്റിയ രാഹുൽ ഗാന്ധി ഇടതുപാർട്ടികളിൽ ഏറ്റവും ചെറിയ സഖ്യകക്ഷിയായ ഫോർവേഡ് ബ്ലോക്കിന്റെ ദേവരാജന് പോലും സമരക്കാരെ അഭിവാദ്യം ചെയ്യാൻ മുതിർന്ന നേതാക്കൾക്കൊപ്പം തുറന്ന വാഹനത്തിൽ ഇടം നൽകി. ഗ്യാനേഷിനെതിരായ സമരത്തിന്റെ ഇടത് മുഖമായി മാറിയ ഐസ നേതാവ് നേഹ ബോറയെ സ്വന്തം സഹോദരി പ്രിയങ്കക്കൊപ്പം ഇടമുണ്ടാക്കിക്കൊടുത്ത് ചേർത്തുനിർത്തി.
സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യുന്നതിന് തലേദിവസം തൊട്ട് ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് രാജ്യ തലസ്ഥാനത്ത് എത്തിച്ചേർന്നത്. ഇവർക്കുവേണ്ടി എ.ഐ.സി.സി ആസ്ഥാനത്തും അക്ബർ റോഡിലെ പഴയ കോൺഗ്രസ് ആസ്ഥാനത്തും വിപുലമായ താമസസൗകര്യങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽനിന്ന് എം.പിമാർക്ക് പുറമെ നൂറിലേറെ യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

