Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാധാരണക്കാരുടെ...

സാധാരണക്കാരുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞു, ഇരുചക്ര വാഹനത്തിൽ പോലും കോടതിയിലെത്തി; അമരാവതിയിലെ ചേരിയിൽ നിന്ന് സുപ്രീംകോടതിയിലെത്തിയ ബി.ആർ. ഗവായ്

text_fields
bookmark_border
chief justice bhushan ramkrishna gavai br gavai
cancel

അമരാവതിയിലെ കോൺഗ്രസ് നഗറിലെ ആ വീടിന്റെ ചുവരുകളെ അലങ്കരിച്ചിരുന്നത് അംബേദ്കറുടെ ഫോട്ടോകളായിരുന്നു. ആ ഫോട്ടോകളിലേക്ക് നോക്കി തന്റെ മകൻ കടന്നുവന്ന വഴികളെ കുറിച്ച് ആ അമ്മ മനസുതുറന്നു. മറ്റാരുമല്ല,

ഇന്ത്യയുടെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ജസ്റ്റിസ് ബി.ആർ. ഗവായ് യുടെ അമ്മ കമൽതായ് ആയിരുന്നു അത്. തന്റെ മകൻ ഒരു വില്ലാളിവീരൻ തന്നെയാണല്ലേ എന്നവർ അഭിമാനത്തോടെ ചോദിച്ചു.

ഇന്നാണ് ആ അമ്മയുടെ മകൻ ഇന്ത്യയുടെ 52ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ് എന്നാണ് ബി.ആർ. ഗവായ് യുടെ മുഴുവൻ പേര്. ദലിത് വിഭാഗത്തിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി.ആർ. ഗവായ്. നവംബർ 23ന് കാലാവധി അവസാനിക്കും. മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ ആണ് ആദ്യത്തെ സുപ്രീംകോടതി ദലിത് ചീഫ് ജസ്റ്റിസ്. 1950ൽ സ്ഥാപിതമായത് തൊട്ട് ഇതുവരെയായി സുപ്രീംകോടതിയിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നുള്ള ഏഴ് ജഡ്ജിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ കാലത്തും മകൻ നേടിയെടുത്ത ചരിത്രനേട്ടങ്ങളുടെ അപൂർവ ചിത്രങ്ങളുടെ സമാഹരണം അവരുടെ കൈവശമുണ്ടായിരുന്നു. സ്കൂൾ അധ്യാപികയായിരുന്നു കമൽതെ. ഇപ്പോൾ 84 വയസായി.

അബേദ്കറുടെ പരിശ്രമം മൂലമാണ് തന്നെ പോലെ ഒരു അർധ ചേരി പ്രദേശത്ത് ജനിച്ച ഒരാൾക്ക് പരമോന്നത പദവിയിൽ എത്താൻ കഴിഞ്ഞതെന്ന് ഗവായ് 2024 ഏപ്രിലിൽ നടത്തിയ ഒരു പ്രസംഗത്തിൽ സ്മരിച്ചിരുന്നു. ജയ് ഭീം വിളികളോടെയാണ് അന്നദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. പ്രസംഗം കഴിഞ്ഞപ്പോൾ ആൾക്കൂട്ടം എഴുന്നേറ്റ് നിന്ന് കൈയടിക്കുകയായിരുന്നു.

ഒട്ടേറെ വിവാദപരമായ രാഷ്ട്രീയ കേസുകളിൽ ഗവായ് വിധി പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിനെതിരെ പരാതി നൽകിയവർക്ക് വലിയ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. ന്യൂസ് ക്ലിക്ക് സ്ഥാപക എഡിറ്റർ പ്രബീർ പുർകയസ്ത, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കെതിരായ കേസുകളിൽ തീരുമാനമെടുത്തത് ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് ആയിരുന്നു.

നടപടിക്രമങ്ങൾ പാലിക്കാതെ പൗരൻമാരുടെ സ്വത്തുവകകൾ ഇടിച്ചുനിരപ്പാക്കുന്നത് നിയമവാഴ്ചക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ നവംബറിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പ്രഖ്യാപിക്കുകയുണ്ടായി.

പട്ടികജാതി ക്വാട്ടയുടെ ഉപവർഗീകരണത്തിന് അനുകൂലമായി സുപ്രധാന വിധി പുറപ്പെടുവിച്ച ഏഴംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഗവായ്. സുപ്രധാനമായ ഭരണഘടനാ കേസുകളിലും അദ്ദേഹം വിധി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കിയ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ഗവായ്. അതേസമയം, 2023 ഡിസംബറിൽ അദ്ദേഹം ഭാഗമായ മറ്റൊരു ഭരണഘടനാ ബെഞ്ചാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ നടപടി ശരി വെച്ചത്.

ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് മാത്രമായി ജസ്റ്റിസ് ഗവായ് ഒരിക്കലും കേസുകൾ വാദിച്ചിട്ടില്ല. ഹൈകോടതികളിലും ജില്ലാ കോടതികളിലും അദ്ദേഹം ഹാജരായി. അതുപോലെ തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികൾക്ക് വേണ്ടി കേസുകൾ വാദിച്ചു. പിന്നാക്ക കുടുംബ പശ്ചാത്തലത്തിനൊപ്പം ഈ വൈവിധ്യമാണ് അദ്ദേഹത്തിന്റെ ജുഡീഷ്യൽ വീക്ഷണത്തെ രൂപപ്പെടുത്തിയതും.

2001ലാണ് ഗവായ് ജഡ്ജിയായത്. എന്നാൽ അതിന്റെ നടപടിക്രമങ്ങൾക്ക് രണ്ടുവർഷത്തിലേറെ കാലതാമസമെടുത്തു. നിരാശയോടെ ജഡ്ജി സ്ഥാനത്തേക്കുള്ള തന്റെ സമ്മതപത്രം പിൻവലിക്കാൻ പോലും അദ്ദേഹം ആലോചിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യരുതു​തെന്നായിരുന്നു പിതാവിന്റെ ഉപദേശം. ഒടുവിൽ 2003ൽ ബോംബെ ഹൈകോടതിയിലെ അഡീഷനൽ ജഡ്ജിയായി ഗവായ് ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2005ൽ സ്‍ഥിരം ജഡ്ജിയായി നിയമിതനായി. 2015ൽ മുംബൈയിൽ നിന്ന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റത്തിന് അദ്ദേഹം ശ്രമിക്കുകയുണ്ടായി. രോഗിയായ പിതാവിനെ പരിചരിക്കുന്നതിന് വേണ്ടിയായിരുന്നു അത്. 2015ൽ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ ഗവായ് ക്ക് എളുപ്പം മനസിലാകുമെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പണം ഒരിക്കലും അദ്ദേഹത്തിന്റെ മുൻഗണന വിഷയത്തിൽ പെട്ടതായിരുന്നില്ല. അഭിഭാഷകനായി ജോലി ചെയ്യുമ്പോൾ പോലും പണമുണ്ടാക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചില്ല. ഒരിക്കൽ അദ്ദേഹം ഒരു വീട് വാങ്ങാൻ തീരുമാനിച്ചു. എന്നാൽ കൈയിലുള്ള പണം അതിന് തികയുമായിരുന്നില്ല. തുടർന്ന് തന്റെ കാറ് വിറ്റ് വീട് വാങ്ങാനുള്ള ബാക്കി തുക കണ്ടെത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് നിതിൻ ഡബ്യു. സാംബ്രെ പറയുന്നു. പിന്നീട് ഒരു വർഷത്തോളം ഇരുചക്ര വാഹനത്തിലാണ് ഗവായ് കോടതിയിലെത്തിയത്. അങ്ങനെയൊരു മനുഷ്യനായിരുന്നു അദ്ദേഹം. അതുപോലെ ജൂനിയർ അഭിഭാഷകരെ പ്രോത്സാഹിപ്പിക്കുന്നതിലും ഗവായ് മുൻപന്തിയിലായിരുന്നു. അവർക്ക് അവസരമുണ്ടാക്കിക്കൊടുക്കാനും അദ്ദേഹം പ്രയത്നിച്ചു. ഹൈകോടതി ജഡ്ജിയായിരിക്കെ വേനൽക്കാല ബെഞ്ചുകളിൽ മുതിർന്ന അഭിഭാഷകരെ ഗവായ് പ്രോത്സാഹിപ്പിച്ചില്ല. പകരം ജൂനിയർ അഭിഭാഷകർക്ക് ചാൻസ് നൽകുകയായിരുന്നു ചെയ്തിരുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ഫിർദൗസ് മിർസ ഓർക്കുന്നു.

16 വർഷം ഹൈകോടതി ജഡ്ജിയായി സേവനമനുഷ്ടിച്ചതിന് ശേഷം 2019 മേയ് 25ൽ ജസ്റ്റിസ് ഗവായ് സുപ്രീംകോടതി ജഡ്ജിയായി.

ഹൈകോടതിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം വൈകിയെങ്കിലും ബെഞ്ചിലെ വൈവിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഉൾപ്പെടെയുള്ള കാരണങ്ങളാൽ തന്റെ സുപ്രീം കോടതി നിയമനം വേഗത്തിലായി എന്ന് ജസ്റ്റിസ് ഗവായ് തന്നെ സമ്മതിച്ചിട്ടുണ്ട്.

കോടതിമുറികളിൽ പോലും തന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തുറന്നു പറയാൻ ഗവായ് മടിച്ചിരുന്നില്ല. രാഹുൽ ഗാന്ധിക്കെതി​രായ അപകീർത്തി കേസിൽ വാദം കേൾക്കവെ 2023 ജൂലൈയിൽ കോൺഗ്രസുമായി തന്റെ കുടുംബത്തിനുണ്ടായിരുന്നു ബന്ധം അദ്ദേഹം ഓർമിച്ചു. ​'എന്റെ പിതാവ് ഒരു കോൺ​ഗ്രസുകാരനായിരുന്നില്ല. എന്നാൽ അദ്ദേഹത്തിന് 40 വർഷത്തിലേറെയായി കോൺഗ്രസുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കോൺഗ്രസ് പിന്തുണയിൽ അദ്ദേഹം എം.പിയായി, എം.എൽ.എയായി. എന്റെ സഹോദരൻ ഇപ്പോൾ കോൺഗ്രസുമായി സഹകരിച്ചാണ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത്.'-എന്നാണ് അന്ന് ഗവായ് പറഞ്ഞത്. അദ്ദേഹമടങ്ങിയ ബെഞ്ചാണ് ശിക്ഷ സ്റ്റേചെയ്ത് രാഹുൽ ഗാന്ധിയുടെ എം.പിസ്ഥാനം പുനഃസ്ഥാപിച്ചത്.

കാലാവധി ആറുമാസമേ ഉള്ളൂവെങ്കിലും ഭാരിച്ച ദൗത്യമാണ് ഗവായ് യെ കാത്തിരിക്കുന്നത്. വഖഫ് കേസിൽ വിധി പറയുക അദ്ദേഹത്തിന്റെ ബെഞ്ചാണ്. ആ കേസിൽ വാദം കേൾക്കുന്നത് നാളെ മുതലായിരിക്കും. അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ യാദവ്, തീപ്പിടിത്തത്തിൽ വീട്ടിൽ അനധികൃത പണം കണ്ടെത്തിയ ഡൽഹി മുൻ ഹൈകോടതി ജഡ്ജി യശ്വന്ത് വർമ എന്നിവർക്കെതിരായ ഇംപീച്ച്മെന്റ് നടപടികളിലും ഗവായ് വാദം കേൾക്കും.

ബി.കോം പൂർത്തിയാക്കിയ ശേഷമാണ് ഗവായ് നിയമം പഠിക്കാൻ പോയത്. അമരാവതി യൂനിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം നിയമബിരുദം നേടിയത്. 25ാം വയസിൽ 1985ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheif justiceJustices BR GavaiLatest NewsSupreme Court
News Summary - From slum in Amravati to Nagpur and Delhi: Justice Gavai’s road to becoming CJI
Next Story