Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്ജയ് ഗാന്ധി മുതൽ...

സഞ്ജയ് ഗാന്ധി മുതൽ അജിത് പവാർ വരെ; വിമാനപകടങ്ങളിൽ ഇന്ത്യക്ക് നഷ്ടമായവർ

text_fields
bookmark_border
From Sanjay Gandhi to Ajit Pawar; Those who India lost in the plane crashes
cancel

ഹൈദരാബാദ്: ബുധനാഴ്ച്ചയുണ്ടായ വിമാനപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് രാജ്യമാകെ കേട്ടത്. ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കവെയാണ് നിയന്ത്രണം വിട്ട ചെറുവിമാനം തകർന്നുവീണ് കത്തിയമർന്നത്. ഇതിന് മുമ്പും വിവിധ വിമാനാപകടങ്ങളിലായി വ്യത്യസ്ത മേഖലകളിലെ പ്രമുഖരെ നമുക്ക് നഷ്ടമായിട്ടുണ്ട്.

ഹോമി ജഹാംഗീർ ഭാഭ (1966)

ഇന്ത്യൻ ആണവ ശാസ്ത്ര മേഖലയിലെ മുൻനിരക്കാരിലൊരാളായ ഹോമി ജഹാംഗീർ ഭാഭ 1966 ജനുവരി 24 നുണ്ടായ വിമാനാപകടത്തിലാണ് കൊല്ലപ്പെടുന്നത്. എയർ ഇന്ത്യ വിമാനം 101 ൽ യാത്ര ചെയ്യുന്നതിനിടെ സ്വിസ് ആൽപ്സിലെ മോണ്ട് ബ്ലാങ്കിൽ വിമാനം ഇടിച്ചുകയറി തകരുകയായിരുന്നു. ജനീവ എയർ ട്രാഫിക് കൺട്രോളുമായുള്ള വിമാനത്തിന്‍റെ ആശയവിനിമയം നഷ്ടപ്പെട്ടതാണ് അപകടകാരണം.

സഞ്ജയ് ഗാന്ധി (1980)

കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി 1980 ജൂൺ 23നുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിന് സമീപം നിയന്ത്രണംവിട്ട വിമാനം തകർന്ന് വീഴുകയായിരുന്നു.

ജി.എം.സി ബാലയോഗി (2002)

മുൻ ലോകസഭാ സ്പീക്കറും തെലുങ്ക് ദേശം പാർട്ടിയുടെ മുതിർന്ന നേതാവുമായ ജി.എം.സി ബാലയോഗി 2002 മാർച്ച് മൂന്നിനുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. പശ്ചിമ ഗോദാവരി ജില്ലയിലെ ഭീമാവാരത്ത് നിന്ന് അദ്ദേഹവുമായി സഞ്ചരിച്ച സ്വകാര്യ ഹെലികോപ്റ്റർ ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൈകലൂരിനടുത്തുള്ള കുളത്തിൽ തകർന്നുവീഴുകയായിരുന്നു.

കെ.എസ് സൗമ്യ സൗന്ദര്യ (2004)

പ്രശസ്ത തെന്നിന്ത്യൻ സിനിമാ താരം സൗന്ദര്യ കൊല്ലപ്പെട്ടത് 2004 ഏപ്രിൽ 17നുണ്ടായ വിമാനാപകടത്തിലാണ്. സഹോദരനോടൊപ്പം ബെംഗളൂരുവിൽ നിന്ന് കരിംനഗറിലേക്ക് യാത്രചെയ്യവെയായിരുന്നു അപകടം. സൗന്ദര്യയുടെ ആകസ്മിക മരണം ആരാധകരെയും സിനിമാലോകത്തെയും സങ്കടത്തിലാഴ്ത്തുന്നതായിരുന്നു.

ഒ. പി ജിൻഡാൽ, സുരേന്ദർ സിങ് (2005)

വ്യവസായിയും ഹരിയാന മന്ത്രിയുമായ ഓം പ്രകാശ് ജിൻഡാൽ 2005ലെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഡൽഹിയിൽ നിന്ന് ചണ്ഡീഗഡിലേക്കുള്ള യാത്രയിൽ ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു. ഹരിയാന കൃഷി മന്ത്രി സുരേന്ദർ സിങും ഇതേ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഉൾപ്പെടുന്നു.

വൈ. എസ് രാജശേഖര റെഡ്ഡി (2009)

വൈ. എസ്. ആർ എന്നറിയപ്പെടുന്ന മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡി 2009 സെപ്റ്റംബർ 2നുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന ബെൽ 430 ഹെലികോപ്റ്റർ ഇടതൂർന്ന നല്ലമല വനമേഖലയിൽ തകർന്നുവീണു. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണമായത്.

ദോർജി ഖണ്ഡു (2011)

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ദോർജി ഖണ്ഡു 2011 ഏപ്രിൽ 30 ലെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. തവാങ്ങിൽ നിന്ന് ഇറ്റാനഗറിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്റർ വെസ്റ്റ് കാമെങ് ജില്ലയിൽ തകർന്നുവീണു. അപകടത്തിൽ മറ്റ് നാല് യാത്രക്കാരും കൊല്ലപ്പെട്ടു.

ജനറൽ ബിപിൻ റാവത്ത് (2021)

ഇന്ത്യയുടെ ആദ്യ പ്രതിരോധ സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത് 2021 ഡിസംബർ 8 നുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം തകർന്നുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മറ്റ് 11 ഉദ്യോഗസ്ഥരും അപകടത്തിൽ കൊല്ലപ്പെട്ടു.

വിജയ് രൂപാണി (2025)

ഗുജറാത്തിലെ അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിലാണ് ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി കൊല്ലപ്പെട്ടത്. 2025 ജൂൺ 12 ന് ഉണ്ടായ വിമാനാപകടത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. അഹ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ ഒരു യാത്രികൻ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraPlane crashesAjith PawarBaramati Plane Crash
News Summary - From Sanjay Gandhi to Ajit Pawar; Those who India lost in the plane crash
Next Story