തടവറയിൽ നിന്ന് കോടതിയിലേക്ക്: പേരറിവാളൻ ഇനി അഭിഭാഷകൻ
text_fieldsചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെടുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത എ.ജി. പേരറിവാളൻ അഭിഭാഷകനായി എൻറോൾ ചെയ്തു. ചെന്നൈ മദ്രാസ് ഹൈക്കോടതിയിലാണ് അഭിഭാഷകനായി സത്യപ്രതിജ്ഞ ചെയ്തത്.
ജയിൽ മോചിതനായ ശേഷം ബംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ ലോ കോളേജിൽ നിന്ന് 2025-ൽ ആണ് പേരറിവാളൻ എൽ.എൽ.ബി ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് അതേ വർഷം തന്നെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിന് ആവശ്യമായ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ വിജയിച്ചു. ജയിലിലായിരുന്ന കാലയളവിൽ എം.സി.എ ബിരുദവും കരസ്ഥമാക്കിയിരുന്നു.
അഭിഭാഷകനായി എൻറോൾ ചെയ്ത ശേഷം തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പേരറിവാളൻ പ്രതികരിച്ചു. മുപ്പത് വർഷം നീണ്ട തന്റെ നിയമപോരാട്ടങ്ങളാണ് തന്നെ നിയമപഠനത്തിന് പ്രേരിപ്പിച്ചത്. മനുഷ്യാവകാശ സംരക്ഷണം, വധശിക്ഷക്കെതിരെയുളള പോരാട്ടം എന്നിവയിലായിരിക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
1991-ൽ 19-ാം വയസ്സിലാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലാവുന്നത്. ബോംബ് പൊട്ടിക്കാൻ ആവശ്യമായ ബാറ്ററി വാങ്ങി നൽകി എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2022 മെയ് 18-നാണ് സുപ്രീം കോടതി മോചിപ്പിച്ചത്.
30 വർഷത്തിലധികം ജയിൽവാസം അനുഭവിച്ച പേരറിവാളനെ, ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റെ വിധി. വധശിക്ഷക്ക് വിധിക്കപ്പെട്ട കേസിൽ തമിഴ്നാട് സർക്കാർ നൽകിയ വിടുതൽ ശിപാർശയിൽ ഗവർണർ തീരുമാനമെടുക്കാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

