Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥി വേട്ടക്ക്...

വിദ്യാർഥി വേട്ടക്ക് പെല്ലറ്റ് മുതൽ എ.കെ 47 വരെ; മോദിയും അമിത് ഷായും മറുപടി പറയണം; ഇരു സഭകളും സ്തംഭിപ്പിച്ച് പ്രതിപക്ഷം

text_fields
bookmark_border
വിദ്യാർഥി വേട്ടക്ക് പെല്ലറ്റ് മുതൽ എ.കെ 47 വരെ; മോദിയും അമിത് ഷായും മറുപടി പറയണം; ഇരു സഭകളും സ്തംഭിപ്പിച്ച് പ്രതിപക്ഷം
cancel

ന്യൂഡൽഹി: സി.ജെ.പിയുടെ നേതൃത്വത്തിൽ ജൂലൈ 20ന് പാർലമെന്റ് മാർച്ച് നടത്തിയ വിദ്യാർഥികളെ പെല്ലെറ്റ് ഗൺ ഉപയോഗിച്ച് വെടിയുതിർത്തും ലാത്തിച്ചാർജ് നടത്തിയും ടിയർഗ്യാസ് പൊട്ടിച്ചും അതിക്രൂരമായി നേരിട്ടതിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷമാപണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു.

ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരരംഗത്തിറങ്ങിയ വിദ്യാർഥികൾക്കെതിരെ ബിഹാറിലെ സിവാനിൽ എ.കെ 47 ഉപയോഗിച്ചതായ വാർത്ത കൂടി പുറത്തുവന്നതോടെ പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ പാർലമെന്റ് ഇളകിമറിഞ്ഞു. സർക്കാറിനുവേണ്ടി രണ്ട് കേന്ദ്ര മന്ത്രിമാർ നൽകിയ ഉറപ്പ് പാലിക്കാതെ, ഡൽഹിയിലും ബി.ജെ.പി സംസ്ഥാനങ്ങളിലും സമരക്കാർക്കെതിരെ കേസുകളെടുത്ത് പ്രതികാര നടപടികളുമായി മുന്നോട്ടുപോകാനാണ് ഭാവമെങ്കിൽ വീണ്ടും പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സി.ജെ.പി നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

‘ശ്രാദുൽ’ വഴിയേ അമിത് ഷാ

രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫിസിൽ യോഗം ചേർന്ന പ്രതിപക്ഷ കക്ഷി നേതാക്കളാണ് സമരക്കാർക്കുനേരെ നടന്ന അതിക്രമത്തിൽ അമിത് ഷായുടെ പ്രസ്താവനയും പ്രധാനമന്ത്രിയുടെ ക്ഷമാപണവും ആവശ്യപ്പെടാൻ തീരുമാനിച്ചത്. ഏത് ചർച്ചയും ഇത് കഴിഞ്ഞിട്ട് മതിയെന്നായിരുന്നു പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇനി പ്രതിപക്ഷത്തിന്റെ ഉന്നം അമിത് ഷാ ആണെന്നും അതുകഴിഞ്ഞ് രാമക്ഷേത്ര കൊള്ള ഉന്നയിക്കുമെന്നും കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയ്റാം രമേശ് പറഞ്ഞു.

രോഷമത്രയും തനിക്ക് നേരെയാണെന്നുകണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, താൻ പതിവായി വരാറുള്ള പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യകവാടമായ ‘മകര ദ്വാർ’ ഒഴിവാക്കി രാജ്യസഭാ എം.പിമാർ പ്രവേശിക്കുന്ന ‘ശ്രാദുൽ ദ്വാർ’ വഴിയാണ് പാർലമെന്റിലേക്ക് വന്നത്. അമിത് ഷാ എവിടെയാണെന്ന് ചോദിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എന്തുകൊണ്ടാണ് പൊലീസ് അതിക്രമങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം സഭയിൽ വരാത്തതെന്ന് ചോദിച്ചു.

പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് ഭീഷണിവിളി വന്നുകൊണ്ടിരിക്കുകയാണെന്ന് വയനാട് എം.പിയും എ.ഐ.സിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. വിദ്യാർഥികൾക്കുനേരെ പൊലീസ് അതിക്രമം നടത്തിയതിനെതിരെ ബിഹാറിലെ എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജൻശക്തി പാർട്ടി (എൽ.ജെ.പി) ലോക്സഭാ എം.പി പാർലമെന്റിനുപുറത്ത് പരസ്യ പ്രസ്താവന നടത്തിയത് ബി.ജെ.പിയെ ഒറ്റപ്പെടുത്തി.

പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഏഴ് റൗണ്ട്

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പെല്ലെറ്റ് ഗൺ ഉപയോഗിച്ചത് റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്). ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടയിൽ കൊണാട്ട് പ്ലേസിലുണ്ടായ സംഘർഷത്തിനിടെ ആർ.എ.എഫ് ഉദ്യോഗസ്ഥൻ പെല്ലെറ്റ് ഗണ്ണിൽ നിന്ന് ഏഴുതവണ വെടിയുതിർത്തതായും അഞ്ചുതവണ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരുടെ ശരീരത്തിൽ ഉണ്ടകൾ തറച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പെല്ലെറ്റ് ഗൺ ഉപയോഗിച്ച ആർ.എ.എഫ് അംഗത്തെ ഉന്നത ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടി വിവാദമായതോടെ കേന്ദ്ര റിസർവ് പൊലീസ് സേന അന്വേഷണം ആരംഭിച്ചു.

ഉടമ്പടി ലംഘിച്ചാൽ വീണ്ടും പ്രക്ഷോഭം -സി.ജെ.പി

ന്യൂഡൽഹി: ഡൽഹിയിലും ബി.ജെ.പി സംസ്ഥാനങ്ങളിലും സമരക്കാരെയും അവരുടെ കുടുംബങ്ങളെയും കേസിൽ കുടുക്കുന്നത് രണ്ട് മുതിർന്ന മന്ത്രിമാർ സർക്കാറിന്റെ ഭാഗത്തു നിന്ന് നൽകിയ ഉറപ്പിന് വിരുദ്ധമാണെന്നും വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുമെന്നും സി.ജെ.പി മുന്നറിയിപ്പ്.

സമരത്തിൽ പങ്കെടുത്ത മുസ്‍ലിംകളെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ കേസിൽപ്പെടുത്തി തങ്ങളുടെ പോരാട്ടത്തെ വർഗീയമാക്കാൻ ശ്രമിക്കുകയാണെന്നും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് രങ്കയും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പൊലീസ് അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവനോട് മല്ലിടുന്ന സാക്ഷിയുടെ പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോം തുറന്ന സി.ജെ.പി, പൊലീസ് അതിക്രമങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും പരാതികളും അതിൽ അപ് ലോഡ്ചെയ്യാൻ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiAmit ShahCockroach Janata PartyCJP Protest
News Summary - From pellets to AK-47 against students; Modi and Amit Shah must answer, Opposition stalls both houses
Next Story