മണിമണിമേഘത്തോപ്പിൽ...; എസ്.ജാനകി ഇനി ഓർമ
text_fieldsമൈസുരുവിൽ എസ്. ജാനകിയുടെ അന്ത്യകർമങ്ങൾ ചെയ്യുന്ന ചെറുമകൾ അപ്സര വൈദ്യുല
മൈസൂരു: തെന്നിന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടി എസ്. ജാനകി ഇനി ഓർമ. ഞായറാഴ്ച വൈകീട്ട് മൈസൂരുവിന് സമീപം കനിയനഹുണ്ടിയിൽ കുടുംബത്തിന്റെ സ്വകാര്യ ഫാമിൽ തെലുങ്ക് ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു സംസ്കാരചടങ്ങുകൾ. പൂർണ സംസ്ഥാന ബഹുമതികളോടെ നടന്ന ചടങ്ങിൽ ജാനകിയുടെ കൊച്ചുമകൾ അപ്സര വൈദ്യുല ചിതക്ക് തീ കൊളുത്തി.
ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിലൂടെ കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ശബ്ദത്തിന് അവസാനമായി വിടപറയാൻ കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി ആയിരക്കണക്കിന് ആരാധകരാണ് മൈസൂരുവിലേക്ക് ഒഴുകിയെത്തിയത്. കന്നഡയിലെയും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെയും സിനിമാതാരങ്ങൾ, ഗായകർ, സംഗീതജ്ഞർ, സാംസ്കാരിക പ്രവർത്തകർ എന്നിവരും പ്രിയഗായികക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജാനകി അന്തരിച്ചത്. ഞായറാഴ്ച രാവിലെ ഭൗതികശരീരം പൊതുദർശനത്തിനായി വെച്ച മൈസൂരുവിലെ മഹാരാജാസ് കോളജ് മൈതാനത്ത് പ്രിയഗായികക്ക് അന്ത്യോപചാരം അർപ്പിക്കാൻ ആരാധകസമുദ്രമെത്തി. രാവിലെ മുതൽ തന്നെ നീണ്ട നിരയായി എത്തിയ ആരാധകർ പുഷ്പചക്രങ്ങൾ അർപ്പിച്ചും ജാനകിയുടെ ഗാനങ്ങൾ മൂളിയും കണ്ണീരോടെ യാത്രാമൊഴി നൽകി.
പൊതുദർശനത്തിനുശേഷം വൈകീട്ട് മൃതദേഹം സംസ്കാരചടങ്ങുകൾക്കായി കനിയനഹുണ്ടിയിലേക്ക് കൊണ്ടുപോയി. കർണാടക പൊലീസിന്റെ ഗൺ സല്യൂട്ടും ദേശീയഗാനവും മുഴങ്ങിയപ്പോൾ സംഗീതലോകത്തിന്റെ ഒരു യുഗത്തിന് വിടചൊല്ലുകയായിരുന്നു നാട്. തുടർന്ന് വേദമന്ത്രങ്ങളുടെ അകമ്പടിയോടെയാണ് കൊച്ചുമകളായ അപ്സര വൈദ്യുല ചിതക്ക് തീ കൊളുത്തിയത്. മൺകലശം കൈയിലെടുത്ത് ചിതക്ക് ചുറ്റും പ്രദക്ഷിണം വെച്ച് അവർ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. ഈ വർഷം ജനുവരി 22ന് അന്തരിച്ച ജാനകിയുടെ മകൻ മുരളീകൃഷ്ണയുടെ മകളാണ് അപ്സര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

