ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! ജൂലൈ ഒന്ന് മുതൽ ഡൽഹിയിലെ പെട്രോൾ പമ്പുകളിൽ ഈ വാഹനങ്ങൾക്ക് ഇന്ധനം നൽകില്ല
text_fieldsന്യൂഡൽഹി: വായു മലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം നിറക്കാൻ കഴിയില്ലെന്ന് ഡൽഹി സർക്കാർ. പത്ത് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ, അല്ലെങ്കിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കാണ് ഇന്ധനം നിഷേധിക്കുക. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും സർക്കാരിന്റെ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗനൈസേഷൻ (എ.എൻ.പി.ആർ) കാമറകൾ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞുവെന്ന് ഡൽഹി സർക്കാർ പറഞ്ഞു.
പത്ത് വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങളും പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 2018ൽ സുപ്രീം കോടതി നിരോധിച്ചിരുന്നു. 2014ൽ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇത്തരം വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇനിമുതൽ ഈ വാഹനങ്ങൾ 'എൻഡ്-ഓഫ്-ലൈഫ്' പട്ടികയിൽ ഉൾപ്പെടുത്താനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ (സി.എ.ക്യു.എം) ഏപ്രിലിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം. ജൂലൈ ഒന്ന് മുതൽ കാലാവധി വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് നിർത്താൻ ഇന്ധന പമ്പുകളോട് സർക്കാർ ആവിശ്യപെട്ടിട്ടുണ്ട്.
എ.എൻ.പി.ആർ കാമറ സജ്ജീകരണം ഏതാണ്ട് പൂർത്തിയായതായി ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 10-15 പമ്പുകളിൽ മാത്രമേ കാമറ സ്ഥാപിക്കാൻ ബാക്കിയുള്ളൂ. ഡൽഹിയിൽ ഏകദേശം 400 പെട്രോൾ പമ്പുകളും 160 സി.എൻ.ജി ഔട്ട്‌ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും പ്രവർത്തനം ആരംഭിച്ചാൽ എ.എൻ.പി.ആർ സംവിധാനം പാലിക്കാത്ത വാഹനങ്ങൾ പെട്രോൾ പമ്പുകളിൽ പ്രവേശിച്ചാലുടൻ ഫ്ലാഗ് ചെയ്യും. ഈ വാഹനങ്ങൾക്ക് ഇന്ധനം നിരസിക്കുക മാത്രമല്ല, 1989ലെ മോട്ടോർ വാഹന നിയമപ്രകാരം നിയമപരമായ പ്രത്യാഘാതങ്ങൾ വാഹന ഉടമ നേരിടേണ്ടി വന്നേക്കാം. അതിനാൽ, പെട്രോൾ പമ്പുകളിൽ ഇന്ധനം നിറക്കാൻ വരുന്ന ഉപഭോക്താക്കൾ വാഹനം കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന മോട്ടോർ വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

