ഭാരത് ജോഡോ സംസ്ഥാനം വിട്ടതിന് പിന്നാലെ പഞ്ചാബിൽ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ മൻപ്രീത് സിങ് ബാദൽ പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നു. പാർട്ടിയിലെ വിഭാഗീയതയിൽ ഉന്നതനേതൃത്വത്തെ കുറ്റപ്പെടുത്തിയാണ് രാജി. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനം വിട്ടതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാജിവെച്ചത്.
രാഹുൽ ഗാന്ധിക്കെഴുതിയ കത്തിൽ ഡൽഹിയിൽ നിന്നുള്ള ഒരുപറ്റം ആളുകളാണ് പഞ്ചാബിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും ഇത് വിഭാഗീയത വർധിപ്പിക്കാൻ മാത്രമേ സഹായിക്കുള്ളുവെന്നും മൻപ്രീത് കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയുടെ പ്രാഥമികാംഗത്വമാണ് അദ്ദേഹം രാജിവെച്ചത്.
രാജിക്ക് പിന്നാലെ ബി.ജെ.പി ആസ്ഥാനത്തെത്തി അദ്ദേഹം അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് അംഗത്വം എടുത്തത്. ആഭ്യന്തര കലഹം നിലനിൽക്കുന്ന പാർട്ടിയിൽ എങ്ങനെ പ്രവർത്തിക്കാനാണ്. പാർട്ടിയിലെ ലോക്സഭ, നിയമസഭ കക്ഷി നേതാക്കൾ തമ്മിൽ പോരടിക്കുകയാണ്. ഇതേ സാഹചര്യമാണ് എല്ലാ സംസ്ഥാനത്തും നിലനിൽക്കുന്നത്. ഇത്തരമൊരു പാർട്ടിയിൽ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാപദവികളിലും ആത്മാർഥതയോടെ പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് അവസരങ്ങൾ തന്നതിന് നേതാക്കളോട് നന്ദി പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.