വ്യോമസേനയിൽ നിന്ന് വിരമിച്ച് രാഷ്ട്രീയത്തിലേക്ക്, 2019 മുതൽ സുവേന്ദു അധികാരിയുടെ വിശ്വസ്തന്‍; ആരായിരുന്നു കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥ്?
text_fieldsകൊൽക്കത്ത: ബംഗാൾ രാഷ്ട്രീയത്തിൽ അത്ര പരിചിതനല്ലാത്ത മുഖമായിരുന്നെങ്കിലും ബി.ജെ.പിക്കിടയിൽ സുവേന്ദു അധികാരിയുടെ ഏറ്റവും വിശ്വസ്തരായ സഹായികളിൽ ഒരാളായാണ് കൊല്ലപ്പെട്ട അദ്ദേഹത്തിന്‍റെ പി.എ ചന്ദ്രനാഥ് രഥ് അറിയപ്പെട്ടിരുന്നത്. 41കാരനായ ചന്ദ്രനാഥ് ഇന്ത്യൻ വ്യോമസേനയിലെ സേവനത്തിന് ശേഷം ബംഗാൾ രാഷ്ട്രീയത്തിലെ നിർണ്ണായക വ്യക്തിത്വമായി മാറിയത് തികച്ചും അപ്രതീക്ഷിതമായൊരു യാത്രയിലൂടെയായിരുന്നു.
പുർബ മേദിനിപ്പൂരിലെ ചാന്ദിപൂർ സ്വദേശിയായ രഥിന് സുവേന്ദു അധികാരിയുമായി വർഷങ്ങളുടെ രാഷ്ട്രീയ വ്യക്തിബന്ധമുണ്ടായിരുന്നു. സൗമ്യശീലനായിരുന്ന അദ്ദേഹം തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ രാമകൃഷ്ണ മിഷന്റെ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിരുന്നെന്നാണ് പറയുന്നത്. ഒരിക്കൽ സന്യാസ ജീവിതം നയിക്കാൻ പോലും ആഗ്രഹിച്ചിരുന്ന അദ്ദേഹം പിന്നീട് വ്യോമസേനയിൽ ചേരുകയും ഏകദേശം രണ്ട് പതിറ്റാണ്ടോളം അവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രവേശനം
സൈന്യത്തിൽ നിന്ന് സ്വമേധയാ വിരമിച്ച ശേഷം കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത ചന്ദ്രനാഥ് പതുക്കെ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയായിരുന്നു. കുടുംബമാകട്ടെ നേരത്തെ തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. മാതാവ് ഹസി രഥ് പുർബ മേദിനിപ്പുരിലെ പഞ്ചായത്ത് സമിതിയിലെ അംഗമായിരുന്നു. എന്നാൽ 2020-ൽ സുവേന്ദു അധികാരിയെപ്പോലെ തന്നെ രഥ് കുടുംബവും ബി.ജെ.പിയിലേക്ക് മാറി.
2019ൽ സുവേന്ദു അധികാരി മമത സർക്കാറിലെ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ അനുയായി രഥ് പ്രവർത്തിച്ചിരുന്നു. തുടക്കത്തിൽ ഓഫീസ് ഏകോപനവും ഭരണപരമായ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്ന അദ്ദേഹം ക്രമേണ തിരശ്ശീലയ്ക്ക് പിന്നിലെ പ്രധാന സംഘാടകനായി മാറി. സംവേദനക്ഷമമായ രാഷ്ട്രീയ ചുമതലകൾ, പ്രചാരണ ലോജിസ്റ്റിക്സ്, പാർട്ടി പ്രവർത്തകരുമായുള്ള ഏകോപനം എന്നിവ നിയന്ത്രിച്ചിരുന്നത് അദ്ദേഹമായിരുന്നു. ഭബാനിപുരിലെ ബിജെപിയുടെ നിർണ്ണായക പോരാട്ടത്തിലടക്കം അദ്ദേഹം സജീവമായിരുന്നു.
ഭബാനിപുരിലെ ഇടപെടൽ
ഏപ്രിൽ 30ന് ഭബാനിപുരിലെ ഷെഖാവത്ത് മെമ്മോറിയൽ ഹൈസ്കൂളിലുള്ള സ്ട്രോങ്ങ് റൂം മമത ബാനർജി സന്ദർശിച്ചപ്പോൾ ചന്ദ്രനാഥ് രഥിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ അവിടെ പ്രതിഷേധവുമായി എത്തിയിരുന്നു. സുവേന്ദു അധികാരിയുടെ അഭാവത്തിൽ ആ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് രഥ് ആയിരുന്നു. മമത ബാനർജി അകത്തുള്ളപ്പോൾ സ്ട്രോങ്ങ് റൂമിന് സമീപം തൃണമൂലിന്റെ പ്രചാരണ വാഹനം അനധികൃതമായി നിർത്തിയിട്ടിരിക്കുന്നു എന്ന് ആരോപിച്ച് അദ്ദേഹം പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കുകയും ഒടുവിൽ പൊലീസും സി.ആർ.പി.എഫും ഇടപെട്ട് ആ വാഹനം അവിടെനിന്നും മാറ്റുകയും ചെയ്തു.
അന്ത്യം
ബുധനാഴ്ച രാത്രി മധ്യഗ്രാമിലെ ദോഹാരിയ മേഖലയിൽ വച്ച് ബൈക്കിലെത്തിയ അക്രമികൾ ചന്ദ്രനാഥ് രഥിന്റെ വാഹനം തടഞ്ഞ് വെടിയുതിർക്കുകയായിരുന്നു. നിലവിൽ ഈ കൊലപാതകം ബംഗാളിലെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിപ്പിച്ചിരിക്കുകയാണ്. തെരെഞ്ഞെടുപ്പിന് ശേഷമുള്ള അസ്ഥിരമായ അന്തരീക്ഷത്തിൽ ഈ കൊലപാതകം പുതിയ ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും വഴിതുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

