നാലു സ്ത്രീകളുടെ ഫ്രണ്ട് റിക്വസ്റ്റ്; സ്നേഹവും സഹതാപവും തോന്നിയ 80കാരന് നഷ്ടമായത് 9 കോടി രൂപ
text_fieldsമുംബൈ: ഏകദേശം രണ്ട് വർഷം നീണ്ട ഓൺലൈൻ തട്ടിപ്പിൽ മുംബൈ സ്വദേശിയായ 80കാരന് നഷ്ടമായത് ഒമ്പത് കോടി രൂപ. 734 ഓൺലൈൻ പണമിടപാടുകളിലൂടെയാണ് ഇത്രയും തുക വയോധികന് നഷ്ടമായത്. സംഭവമിങ്ങനെ:
2023 ഏപ്രിലിൽ വയോധികൻ ഫേസ്ബുക്കിൽ കണ്ട ഷാർവി എന്ന സ്ത്രീക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നു. ആദ്യം ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ല. എന്നാൽ ദിവസങ്ങൾക്ക് ശേഷം വയോധികന് ഷാർവിയുടെ അക്കൗണ്ടിൽനിന്ന് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. താമസിയാതെ ഇരുവരും ചാറ്റ് തുടങ്ങി. പിന്നീട് ഫോൺ നമ്പറുകൾ കൈമാറി. ചാറ്റുകൾ ഫേസ്ബുക്കിൽ നിന്ന് വാട്ട്‌സ്ആപ്പിലേക്ക് മാറി. താൻ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് കുട്ടികളോടൊപ്പം താമസിക്കുകയാണെന്നും മക്കൾക്ക് സുഖമില്ലെന്നും പറഞ്ഞ ഷാർവി വയോധികനോട് പണം ചോദിച്ചു തുടങ്ങി. സഹതാപം തോന്നിയ വയോധികൻ പണമയച്ചു തുടങ്ങി.
പിന്നീട്, ഷാർവിയുടെ പരിചയക്കാരിയാണെന്ന് പറഞ്ഞ് കവിത എന്ന സ്ത്രീ ഇദ്ദേഹത്തിന് വാട്ട്‌സ്ആപ്പിൽ മെസേജ് അയച്ചു. സൗഹൃദം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ സ്ത്രീയുമായും വയോധികൻ ചാറ്റ് തുടങ്ങി. താമസിയാതെ ഈ സ്ത്രീ അശ്ലീല സന്ദേശങ്ങൾ അയക്കുകയും പണം ചോദിക്കാനും ആരംഭിച്ചു.
അതേ വർഷം തന്നെ ഡിസംബറിൽ ഷാർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ദിനാസ് എന്ന് പരിചയപ്പെടുത്തി മറ്റൊരു സ്ത്രീയും വയോധികന് സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചു. ഷാർവി മരിച്ചുവെന്ന് പറഞ്ഞ ദിനാസ്, ആശുപത്രി ബില്ലടക്കാൻ വയോധികനോട് ആവശ്യപ്പെട്ടു. ഷാർവിയുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ അയച്ച് കൂടുതൽ പണം ദിനാസ് തട്ടിയെടുത്തു. പണം പിന്നീട് തിരികെ ചോദിച്ചപ്പോൾ, ജീവനൊടുക്കുമെന്ന് ദിനാസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനുപിന്നാലെ ജാസ്മിൻ എന്ന സ്ത്രീയും വയോധികന് മെസ്സേജ് അയക്കാൻ തുടങ്ങി. ദിനാസിന്റെ സുഹൃത്താണെന്നാണ് ജാസ്മിൻ പരിചയപ്പെടുത്തിയത്. പണം ആവശ്യപ്പെട്ട ഈ സ്ത്രീക്കും വയോധികൻ പണം അയച്ചു.
2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെ, 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് വയോധികൻ അയച്ചുനൽകിയത്. സമ്പാദ്യം മുഴുവൻ തീർന്നപ്പോൾ, 80കാരൻ സ്ത്രീകൾക്ക് പണം നൽകുന്നതിനായി മരുമകളിൽനിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങി. പിന്നീട് മകനോട് 5 ലക്ഷം രൂപ ചോദിച്ചു. സംശയം തോന്നിയ മകൻ അച്ഛനോട് കാര്യമന്വേഷിക്കുകയും വിവരങ്ങൾ മനസ്സിലാക്കുകയുമായിരുന്നു.
താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസ്സിലാക്കിയതോടെ തകർന്ന ഇദ്ദേഹം ആശുപത്രിയിലായി. ഇദ്ദേഹത്തിന് ഡിമെൻഷ്യയുണ്ടെന്നും കണ്ടെത്തി. ഒടുവിൽ കഴിഞ്ഞ മാസം ജൂലൈ 22 ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

