‘ഫ്രീ ഉമർ ഖാലിദ്’ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ചു; കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നെന്ന് മെറ്റ
text_fieldsന്യൂഡൽഹി: 2020 ഡൽഹി കലാപവുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഉമർ ഖാലിദിന്‍റെ മോചനത്തിനായുള്ള ‘ഫ്രീ ഉമർ ഖാലിദ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു.
കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് മെറ്റ അറിയിച്ചു. മോചനത്തിനായി ആറ് വർഷമായി പ്രചരണം നടത്തിവരുന്ന @free.umarkhalid എന്ന പേജിൽ 48,000ത്തിലധികം ഫോളോവേഴ്സുണ്ടായിരുന്നു. അടുത്തിടെ, ഉമർ ഖാലിദിന് ആഴ്ചയിൽ രണ്ടുതവണ വിഡിയോയിലൂടെ കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹി കോടതി അനുമതി നൽകിയിരുന്നു. ഉമർ ഖാലിദ് നൽകിയ ഹരജിയിലാണ് ഉത്തരവ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന് പിന്നാലെയാണ് പ്രധാന സൂത്രധാരന്മാരിൽ ഒരാളെന്ന് ആരോപിച്ച് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. യു.എ.പി.എ പ്രകാരം 2020 സെപ്റ്റംബർ മുതൽ ഉമർ ഖാലിദ് ജയിലിൽ തുടരുകയാണ്. ഈ മാസം ആദ്യം ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ഡൽഹി കർക്കാർഡൂമ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു. സാഹചര്യങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മറ്റ് പ്രതികളിൽനിന്ന് വ്യത്യസ്തമായി ഗൂഢാലോചനയിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നുമുള്ള ഡൽഹി പൊലീസിന്റെ വാദം ശരിവെച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്ന മുറക്ക് അല്ലെങ്കിൽ ഈ ഉത്തരവ് തീയതി മുതൽ ഒരു വർഷം തികയുന്ന മുറക്കോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ഖാലിദിനും ഇമാമിനും ജാമ്യത്തിനായി വീണ്ടും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, കോടതിക്ക് അപേക്ഷ പരിഗണിക്കാനോ ജാമ്യം അനുവദിക്കാനോ കഴിയില്ലെന്നും പറഞ്ഞാണ് അപേക്ഷ തള്ളിയത്. 2020 ഫെബ്രുവരിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

