‘ഗുരുതര കുറ്റം ചെയ്തവർ കാവിപ്പാർട്ടിയിലെങ്കിൽ മന്ത്രിയാക്കും; നിരപരാധികളെ വ്യാജകേസിൽപെടുത്തും’; അമിത് ഷാക്ക് മറുപടിയുമായി കെജ്രിവാൾ
text_fieldsഅമിത് ഷാ, അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ജയിലിൽ കഴിയവെ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിലെ ഔചിത്യം ചോദ്യംചെയ്ത കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. കേന്ദ്രം കെട്ടിച്ചമച്ച കേസിലാണ് താൻ ജയിലിലായത്. അതിനാൽ 160 ദിവസം ജയിലിൽനിന്ന് ഭരിക്കേണ്ടി വന്നു. നിരപരാധികളെ വ്യാജകേസിൽ പെടുത്തി ജയിലിലടക്കുമ്പോൾ, ഗുരുതര കുറ്റകൃത്യം ചെയ്തവർ കാവിപ്പാർട്ടിയിലാണെങ്കിൽ അവരെ മന്ത്രിമാരാക്കുകയാണെന്നും കെജ്രിവാൾ പറഞ്ഞു.
“രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി കേന്ദ്ര സർക്കാർ വ്യാജകേസിൽ ഉൾപ്പെടുത്തി ജയിലിലയച്ചു. 160 ദിവസം എനിക്ക് ജയിലിൽനിന്ന് ഭരിക്കേണ്ടിവന്നു” -കെജ്രിവാൾ എക്സിൽ കുറിച്ചു. 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരുടെ പദവി നഷ്ടപ്പെടുമെന്ന പുതിയ ബില്ലിനെ കുറിച്ച് അമിത് ഷാ വിശദീകരിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് കെജ്രിവാളിന്‍റെ കുറിപ്പ്. അഞ്ച് വർഷത്തിലെറെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെടുന്നവർ മന്ത്രി സ്ഥാനത്ത് തുടരുന്നത് എങ്ങനെ ശരിയാകുമെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ ചോദിക്കുന്നു.
എന്നാൽ അമിത് ഷായുടെ ചോദ്യത്തിന് മറുചോദ്യമുന്നയിച്ചുകൊണ്ടാണ് കെജ്രിവാൾ തിരിച്ചടിച്ചത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ എല്ലാ കേസും റദ്ദാക്കി ഒരു പാർട്ടിയിൽ ചേർത്താൽ, മന്ത്രിയും ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും ആക്കുന്നതിൽ കുഴപ്പമുണ്ടോ? അവർ പദവിയിൽനിന്ന് രാജിവെക്കണോ? തെറ്റായ കേസിൽ ഉൾപ്പെട്ട് ജയിലാകുകയും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്യപ്പെടുന്ന വ്യക്തിക്ക് ഇത് എങ്ങനെ ബാധകമാകുമെന്നും കെജ്രിവാൾ ചോദിച്ചു. താൻ ജയിലിലായിരുന്നെങ്കിലും ഭരണം നേരാംവണ്ണം നടന്നുവെന്നും നിലവിൽ ഡൽഹിയിൽ അധികാരത്തിലുള്ള ബി.ജെ.പി സർക്കാർ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരസിക്കുകയാണെന്നും എ.എ.പി കൺവീനർ വിമർശിച്ചു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം മാർച്ചിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യമാണ് ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയെ ഇത്തരത്തിൽ അറസ്റ്റ് ചെയ്യുന്നത്. രാജിവെക്കുന്നതിനു പകരം ജയിലിലിരുന്ന് കെജ്രിവാൾ ഭരണം തുടർന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമാണ് പദവിയൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

