‘ഒരു എൻജിനീയർ ആയതുകൊണ്ട് അവർ എന്നെ ബോംബ് വിദഗ്ധനായി ചിത്രീകരിച്ചു’: മുംബൈ ട്രെയ്ൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കിയ സാജിദ് അൻസാരി
text_fieldsന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ ഉൾപ്പെട്ട 12 പേരെ 18 വർഷത്തിനുശേഷം ബോംബെ ഹൈകോടതി കുറ്റവിമുക്തരാക്കിയത് ഈ മാസം 21നാണ്. അതിൽ അഞ്ചു പേർക്ക് വിചാരണകോടതി വധശിക്ഷയും ഏഴു പേർക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാൽ, ഹൈകോടതിയിപ്പോൾ 12 പേരെയും കുറ്റവിമുക്തരാക്കി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) പ്രതികളുടെ കുറ്റം തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി മുഴുവൻ പേരെയും മോചിപ്പിച്ചത്.
2006ൽ അറസ്റ്റിലായവരിൽ മീര റോഡ് നിവാസിയായ 48കാരനായ സാജിദ് അൻസാരിയും ഉൾപ്പെടുന്നു. ‘ഞാൻ ഒരു ഇലക്ട്രിക്കൽ എൻജിനീയറാണ്. ആ കാരണത്താൽ എ.ടി.എസ് എനിക്കുമേൽ കുറ്റം ചുമത്തി. അത് എന്റെ അറസ്റ്റിലേക്ക് നയിച്ചു’വെന്നും ‘ദി വയർ’ വാർത്താ സൈറ്റിനോടു സംസാരിക്കവെ സാജിദ് പറഞ്ഞു.
പതിനെട്ടര വർഷത്തെ തന്റെ ജയിൽ ജീവിതത്തിനിടക്ക് മാതാവും രണ്ട് സഹോദരിമാരും മരിച്ചതായി അദ്ദേഹം വേദനയോടെ വിവരിച്ചു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. കുടുംബത്തിന് ഏറ്റവും ആവശ്യമുള്ള നിമിഷത്തിൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു. ജയിലിലായി മൂന്നു മാസത്തിനുശേഷം ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
പതിനെട്ടര വർഷം മകളെ കാണാൻ കഴിഞ്ഞില്ലെന്ന് സാജിദ് പറഞ്ഞു. നീണ്ട ജയിൽവാസത്തിനിടെ രണ്ട് തവണ മാത്രമേ പുറത്തിറങ്ങാൻ അനുവാദം ലഭിച്ചുള്ളൂ. അതും ഏതാനും മണിക്കൂറുകൾ മാത്രം. ഒരിക്കൽ മാതാവിന്റെയും മറ്റൊരിക്കൽ സഹോദരിയുടെയും ഖബറടക്കത്തിനായിരുന്നു അത്.
ഈ കാലയളവ് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ കടുത്ത തോതിൽ ബാധിച്ചു. ‘എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. ഇരുവരും എന്റെ കുടുംബത്തിനുവേണ്ടി കൂടി പണിയെടുത്തു. ഒരു സഹോദരൻ മാത്രം ഉപജീവനത്തിനറങ്ങിയപ്പോൾ മറ്റൊരാൾ എന്റെ കേസിൽ പൂർണമായും മുഴുകി’. പൊലീസിന് ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സാജിദ് വാദിക്കുന്നു. മുഴുവൻ കേസും കെട്ടിച്ചമച്ചതായിരുന്നു. ഇലക്ട്രിക്കൽ എൻജിനീയർ എന്ന തന്റെ തൊഴിൽ കാരണമാണ് പൊലീസ് കുടുക്കാൻ ശ്രമിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘വീട്ടിൽനിന്ന് പൊലീസ് ചില ഇലക്ട്രിക്ക് വസ്തുക്കൾ പിടിച്ചെടുത്തു. ബോംബുകളും സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ദ്ധനായി എന്നെ ചിത്രീകരിക്കാൻ ശ്രമിച്ചു’ വെന്നും അദ്ദേഹം പറയുന്നു. എന്നാൽ, നീതിയിൽ അധിഷ്ഠിതമായ ഒരു തീരുമാനമാണ് കോടതി സ്വീകരിച്ചതെന്ന് സാജിദ് കരുതുന്നു.
കുറ്റവിമുക്തരാക്കപ്പെട്ട എല്ലാ പ്രതികൾക്കെതിരെയും മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യൻ ജുഡീഷ്യറിയിൽ സാജിദ് പൂർണ വിശ്വാസം പ്രകടിപ്പിക്കുന്നു. ഹൈകോടതി എല്ലാ പ്രതികൾക്കും ആശ്വാസം നൽകിയതുപോലെ, നീതിയുടെയും വസ്തുതാപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ സുപ്രീംകോടതിയും വിധി പുറപ്പെടുവിക്കുമെന്ന് തന്നെയാണ് സാജിദിന്റെ ഉറച്ച വിശ്വാസം.
ജയിലിലായിരിക്കെയാണ് സാജിദ് നിയമം പഠിക്കാൻ തുടങ്ങിയത്. ഇപ്പോൾ അവസാന വർഷ നിയമ വിദ്യാർഥിയാണ്. പൊലീസിന്റെയും സർക്കാറിന്റെയും നടപടികളെ ചോദ്യം ചെയ്ത സാജിദ്, ഭരണകൂടം നിരപരാധികളായ വ്യക്തികളെ ദിവസവും ലക്ഷ്യമിടുന്നതിന്റെ പിന്നിലെ കാരണം യഥാർഥ കുറ്റവാളികളെ മറച്ചുവെക്കുന്നതിനുവേണ്ടിയാണെന്ന് അഭിപ്രായപ്പെട്ടു.
‘ഞാൻ ഒരു മുസ്‍ലിമായതിനാലും മുസ്‍ലിങ്ങളോടുള്ള സർക്കാറിന്റെ ഉദ്ദേശ്യങ്ങൾ പ്രകടമായതിനാലുമാണ് എന്നെ ലക്ഷ്യം വെച്ചത്. ജയിലിൽ ഞങ്ങൾ വിവിധ മുസ്‍ലിം വിരുദ്ധ, ഇസ്‍ലാമിക വിരുദ്ധ അധിക്ഷേപങ്ങൾക്ക് വിധേയരായി. ചോദ്യം ചെയ്യലുകൾക്കിടെ പീഡനങ്ങൾ നേരിട്ടു. എങ്കിലും, ഇന്ത്യൻ ജുഡീഷ്യറിയിൽ ഞാൻ എപ്പോഴും പ്രതീക്ഷ നിലനിർത്തുന്നു. അതിനോടുള്ള എന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നു’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

