ഹാഥറസ്: ഉത്തർ പ്രദേശിലെ ഹാഥറസിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ആക്രമണം. നാലു വയസുകാരിയെ ബലാത്സംഗം ചെയ്ത ബന്ധുവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
'സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടിയിട്ടുണ്ട്' സർക്കിൾ ഒാഫിസർ രുചി ഗുപ്ത പറഞ്ഞു. ഹാഥറസിൽ 19കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഒരു മാസം തികയുന്നതിന് മുമ്പാണ് നാടിനെ നടുക്കിയ മറ്റൊരു ആക്രമണം.
ഹാഥറസിൽ അമ്മയോടൊപ്പം വയലിൽ പുല്ല് ശേഖരിക്കാൻ പോയ ദലിത് പെൺകുട്ടിയെ മേൽജാതിക്കാർ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിക്ക് മതിയായ ചികിത്സ പോലും ലഭിച്ചിരുന്നില്ല. ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയ പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി. പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ യു.പി പൊലീസ് സംസ്കരിച്ചതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പ്രതിഷേധം കനത്തതോടെ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരിക്കുകയാണ്.