11,12 ക്ലാസ് പാഠ പുസ്തക പരിഷ്കരണം: എൻ.സി.ഇ.ആർ.ടി സമിതിയിൽ നാലു ആർ.എസ്.എസുകാർ
text_fieldsയദുനാഥ് ദേശ്പാണ്ഡെ, പ്രശാന്ത് ദിവേകർ, രവി രമേഷ്ചന്ദ്ര ശുക്ല, വന്ദന മിശ്ര
ന്യൂഡൽഹി: 11,12 ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പാഠ പുസ്തക പരിഷ്കരണത്തിനായി ദേശീയ വിദ്യഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ (എൻ.സി.ഇ.ആർ.ടി) പുനഃസംഘടിപ്പിച്ച പാഠപുസ്തക വികസന സമിതിയിൽ നാലുപേർ ആർ.എസ്.എസുകാർ. ‘സാംസ്കാരിക വേരുകൾ’, ‘ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങൾ’ തുടങ്ങിയവ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തിനായാണ് പുനഃസംഘടനയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 11ാം ക്ലാസിലെ പാഠ പുസ്തകം നവംബറിനകവും 12ാം ക്ലാസിലേത് അടുത്ത വർഷം ജൂലൈക്കകവും തയാറാക്കാനാണ് സമിതിയോട് നിർദേശിച്ചത്.
കർണാടക ആസ്ഥാനമായുള്ള കല്പിത സർവകലാശാലയായ നിറ്റെ വൈസ് പ്രസിഡന്റും രാഷ്ട്രീയ നിരീക്ഷകനുമായ സന്ദീപ് ശാസ്ത്രിയാണ് സമിതി മേധാവി. യദുനാഥ് ദേശ്പാണ്ഡെ, രവി രമേഷ്ചന്ദ്ര ശുക്ല, വന്ദന മിശ്ര, പ്രശാന്ത് ദിവേകർ എന്നിവരാണ് സംഘ്പരിവാർ ബന്ധമുള്ള സമിതി അംഗങ്ങൾ. വിദ്യാഭ്യാസ മന്ത്രാലയത്തിൽ സീനിയർ കൺസൾട്ടന്റായ യദുനാഥ് ദേശ്പാണ്ഡെക്ക് എ.ബി.വി.പിയിൽ ദീർഘകാലത്തെ സംഘടനാ പ്രവർത്തന പശ്ചാത്തലമുണ്ട്. മഹാരാഷ്ട്രയിലെ സംഘടനയുടെ ജോയന്റ് ഓർഗനൈസിങ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹം മുംബൈ-കൊങ്കൺ ഘടകത്തിൽ ഓർഗനൈസിങ് സെക്രട്ടറിയുമായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ ഉപദേഷ്ടാവാണെന്ന് അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിലും രേഖപ്പെടുത്തിയിട്ടുണ്ട്.
പുണെ ആസ്ഥാനമായുള്ള ആർ.എസ്.എസ് ബന്ധമുള്ള ‘ജ്ഞാന പ്രബോധിനി’ സ്ഥാപനവുമായി പ്രശാന്ത് ദിവേകറിന് ദീർഘകാല ബന്ധമുണ്ട്. ജെ.എൻ.യുവിലെ സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ പ്രഫസറായ വന്ദന മിശ്ര എ.ബി.വി.പി മുൻ ദേശീയ സെക്രട്ടറിയാണ്. ജെ.എൻ.യു സെന്റർ ഫോർ കംപാരിറ്റിവ് പൊളിറ്റിക്സ് ആൻഡ് പൊളിറ്റിക്കൽ തിയറിയിലെ അസോസിയറ്റ് പ്രഫസറായ രവി രമേഷ്ചന്ദ്ര ശുക്ല ആർ.എസ്.എസ് ബന്ധമുള്ള ഇന്ത്യൻ ജേണൽ ഓഫ് ഡെമോക്രാറ്റിക് ഗവേണൻസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗമായിരുന്നു.
ജെ.എൻ.യുവിലെ പ്രകാശ് കാണ്ഡ്പാൽ, ദേശീയ നിയമ സർവകലാശാലയിലെ നിധി ഗുപ്ത, ചാണക്യ സർവകലാശാലയിലെ ചേതൻ സിംഗായി, ഡൽഹി സർവകലാശാലയിലെ സുകാൻഷിക വത്സ, ഇഗ്നോയിലെ സതീഷ് കുമാർ, നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സ്റ്റഡി ആൻഡ് റിസർച് ഇൻ ലോയിലെ ദീവാംശു ശ്രീവാസ്തവ, ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രണവ് ഗുപ്ത, പോണ്ടിച്ചേരി സർവകലാശാലയിലെ നന്ദ കിഷോർ, ഉത്കൽ സർവകലാശാലയിലെ സ്വപ്ന പ്രഭു, എൻ.സി.ഇ.ആർ.ടിയിലെ സവിത സാഗർ, ബംഗളൂരു ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിലെ എം.എൻ. സുരേഷ് കുമാർ, നവി മുംബൈ മുനിസിപ്പൽ കോർപറേഷൻ സ്കൂളിലെ ഡയാന ഇസബെൽ, എസ്.എച്ച്.വി.എൻ.എം ഗവ. പി.യു കോളജ് ഫോർ ഗേൾസിലെ എൻ. ഭരണി, എൻ.സി.ഇ.ആർ.ടിയിലെ വന്താംഗ്പുയി ഖോബുംഗ്, സുഭാഷ് സിങ് എന്നിവരാണ് മറ്റു സമിതി അംഗങ്ങൾ.
എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം സാമൂഹിക ശാസ്ത്രം, ഭാഷകൾ, ഇന്ത്യൻ വിജ്ഞാന വ്യവസ്ഥകൾ, പരിസ്ഥിതി വിദ്യാഭ്യാസം, നൂതന അധ്യാപന രീതികൾ, പഠന-അധ്യാപന സാമഗ്രികൾ എന്നിവ കൈകാര്യം ചെയ്യുന്ന പാഠ്യപദ്ധതി വിഭാഗങ്ങളിൽ നിന്ന് സമിതി മാർഗനിർദേശം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

