ജയ്പൂർ ബോംബ് സ്ഫോടന കേസ്: വധശിക്ഷ ലഭിച്ച നാല് യുവാക്കളെ കുറ്റവിമുക്തരാക്കി ഹൈകോടതി
text_fieldsന്യൂഡൽഹി: ജയ്പൂർ സ്ഫോടനകേസിൽ ശിക്ഷിക്കപ്പെട്ട നാല് മുസ്‍ലിം യുവാക്കളെ കുറ്റവിമുക്തരാക്കി രാജസ്ഥാൻ ഹൈകോടതി. സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്മാൻ, സൽമാൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. നേരത്തെ കേസിൽ നാല് പേർക്കും കീഴ്ക്കോടതി വധശിക്ഷ വിധിച്ചിരുന്നു. കേസന്വേഷിച്ച ഭീകരവിരുദ്ധ സ്ക്വാഡിനെതിരെ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. കേസിൽ മതിയായ തെളിവുകൾ ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.
ബുധനാഴ്ചയാണ് കേസിൽ നിർണായക വിധി പുറത്ത് വന്നതിന്. 2019 ഡിസംബർ 20നാണ് പ്രത്യേക കോടതി നാല് പേരെയും വധശിക്ഷക്ക് വിധിച്ചത്. നാല് യുവാക്കളെയും മനപൂർവം കേസിൽ കുടുക്കുകയാണെന്ന ആരോപണം കുടുംബാംഗങ്ങൾ ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഫോർ സിവിൽ റെറ്റസ് പ്രൊട്ടക്ഷനാണ് കേസിൽ നാല് യുവാക്കൾക്കും വേണ്ടി പോരാടിയത്. ജയ്പൂർ സ്ഫോടനത്തിൽ 71 പേർ മരിക്കുകയും 185 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നേരത്തെ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് യുവാക്കൾക്ക് വധശിക്ഷ വിധിച്ചതെന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. 1300 സാക്ഷികളുമായി സംസാരിച്ചതിൽ നിന്ന് ഇവർ സൈക്കിളിൽ ബോംബ് വെക്കുന്നത് കണ്ടവർ ആരുമില്ലെന്നും അമിക്കസ്ക്യൂറി ഫാറൂഖ് പാകർ അറിയിച്ചു. ബോംബുവെച്ചുവെന്ന് പറയുന്ന സൈക്കിളിന്റെ പർച്ചേസ് ബില്ലും അതിന്റെ ഫ്രെയിം നമ്പറും വ്യത്യസ്തമാണെന്നു ഫാറൂഖ് പാകർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

