തൂത്തുക്കുടിയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം: നാലു മരണം
text_fieldsചെന്നൈ: തൂത്തുക്കുടി കോവിൽപട്ടിക്ക് സമീപം പടക്ക നിർമാണകേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയിൽ നാല് തൊഴിലാളികൾ മരിച്ചു. കോവിൽപട്ടി ഈറാച്ചി രാമർ(37), തൊട്ടംപട്ടി ജയരാജ്(47), കുമാരപുരം തങ്കവേൽ(43), നാലാട്ടിനപുതൂർ കണ്ണൻ(48) എന്നിവരാണ് മരിച്ചത്.
കോവിൽപട്ടി തുറയൂരിൽ കോവിൽപട്ടി പ്രഭാകരന്റെ ഉടമസ്ഥതയിലെ 'സെഞ്ചൂറിയൻ ഫയർ വർക്സ്' എന്ന പടക്ക നിർമാണശാലയിൽ വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സ്ഫോടനമുണ്ടായത്. വെടിമരുന്ന് നിറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കെട്ടിടം പൂർണമായും നിലംപൊത്തി. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. മൃതദേഹങ്ങൾ കോവിൽപട്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.