ചെങ്കോട്ട സ്ഫോടനം: എൻ.ഐ.എ പിടികൂടിയ മൂന്ന് ഡോക്ടർമാരടക്കം നാലുപേരെ വിട്ടയച്ചു
text_fieldsന്യൂഡൽഹി: ചെങ്കോട്ടക്കടുത്ത് നടന്ന കാർ സ്ഫോടനത്തിൽ പങ്കുണ്ടെന്നാരോപിച്ച് എൻ.ഐ.എ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമർ നബിയുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്.
ഫിറോസ്പൂർ ഝിർക്ക സ്വദേശി ഡോ. മുസ്തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാൻ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് മോചിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർക്ക് ഉമറുമായും അൽ ഫലാഹ് സർവകലാശാലയുമായും ബന്ധമുണ്ടെന്നായിരുന്നു എൻ.ഐ.എ ആരോപണം.
എന്നാൽ, മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷവും ഇവരെ പ്രതി ചേർക്കാൻ ഉതകുന്ന കാര്യമായ തെളിവുകളോ ഡിജിറ്റൽ രേഖകളോ അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് വിട്ടയക്കാൻ തീരുമാനിച്ചത്.
ചെങ്കോട്ട സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ഡോ. ഉമർ നബിക്ക് സഹായം ചെയ്തുവെന്ന് ആരോപിച്ച് ജമ്മു- കശ്മീർ സ്വദേശിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. അമീർ റഷീദ് അലി എന്നയാളാണ് ഡൽഹിയിൽ പിടിയിലായത്. സ്ഫോടനത്തിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ ഇയാളുടെ പേരിലാണ്.
ജമ്മു- കശ്മീരിലെ പാംപോർ സംബൂറ സ്വദേശിയായ അമീർ റഷീദ് അലി ഭീകരാക്രമണം നടത്താൻ ഉമർ നബിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് എൻ.ഐ.എയുടെ ആരോപണം. സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങാൻ സഹായം നൽകുന്നതിനാണ് അമീർ ഡൽഹിയിൽ എത്തിയതെന്നും എൻ.ഐ.എ പറയുന്നു.
സ്ഫോടനമുണ്ടായപ്പോൾ കാർ ഓടിച്ചിരുന്ന ഉമർ നബിയെ ചാവേർ ബോംബർ എന്ന് ആദ്യമായാണ് എൻ.ഐ.എ വിശേഷിപ്പിക്കുന്നത്. മാരക സ്ഫോടക വസ്തു ഘടിപ്പിച്ച വാഹനം ഉപയോഗിച്ച് ഇയാൾ സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ. ഉമറിന്റെ പേരിലുള്ള മറ്റൊരു വാഹനവും അന്വേഷണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

