നാല് ഹൈകോടതികൾക്ക് ഇനി വനിത ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: നീതിന്യായ ചരിത്രത്തിൽ ആദ്യമായി രാജ്യത്തെ നാല് ഹൈകോടതികളിൽ ഒരേസമയം വനിതകൾ ചീഫ് ജസ്റ്റിസ് പദവി അലങ്കരിക്കാനൊരുങ്ങുന്നു. സിക്കിം ഹൈകോടതി ജഡ്ജി ജസ്റ്റിസ് മീനാക്ഷി മദൻ റായിയെ പട്ന ചീഫ് ജസ്റ്റിസായി നിയമിച്ചതോടെയാണ് ഈ ചരിത്രനേട്ടം. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ നിയമന വിവരം ഔദ്യോഗികമായി അറിയിച്ചത്.
പട്ന ഹൈകോടതി ചീഫ് ജസ്റ്റിസ് സങ്കം കുമാർ സാഹു നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് ജസ്റ്റിസ് മീനാക്ഷി മദൻ റായിയുടെ നിയമനം. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം മേയ് 22നാണ് ഇവരുടെ പേര് ശിപാർശ ചെയ്തത്.
ജസ്റ്റിസ് സുനിത അഗർവാൾ (ഗുജറാത്ത് ഹൈകോടതി), ജസ്റ്റിസ് രേവതി മോഹിതേ ദേരെ (മേഘാലയ ഹൈകോടതി), ജസ്റ്റിസ് ലിസ ഗിൽ (ആന്ധ്രപ്രദേശ് ഹൈകോടതി) എന്നിവരാണ് നിലവിൽ ചുമതലയിലുള്ള മറ്റ് മൂന്ന് വനിത ചീഫ് ജസ്റ്റിസുമാർ. രാജ്യത്ത് ആകെ 25 ഹൈകോടതികളാണുള്ളത്.
2017ലും ഒരേസമയം നാല് വനിത ചീഫ് ജസ്റ്റിസുമാർ ഉണ്ടായിരുന്നുവെങ്കിലും അതിൽ ഒരാൾ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു. ഇത്തവണ നാല് പേരും കൊളീജിയം ശിപാർശ ചെയ്ത സ്ഥിരം ചീഫ് ജസ്റ്റിസുമാരാണെന്ന പ്രത്യേകതയുണ്ട്.
നിയമ മന്ത്രാലയം ഈ വർഷം പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം 2014 മുതൽ വിവിധ ഹൈകോടതികളിലായി 170 വനിത ജഡ്ജിമാരെ നിയമിച്ചിട്ടുണ്ട്. ഇതിൽ 96 പേരുടെ നിയമനവും കഴിഞ്ഞ അഞ്ച് വർഷത്തിനിടെയായിരുന്നു. ഇതേ കാലയളവിൽ ആറ് വനിത ജഡ്ജിമാരെ സുപ്രീംകോടതിയിലേക്കും സ്ഥാനക്കയറ്റം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

