നാഗാലാൻഡിൽ മിന്നൽ പ്രളയവും ഉരുൾപൊട്ടലും; നാല് മരണം, രക്ഷാപ്രവർത്തനം തുടരുന്നു
text_fieldsനാഗാലാൻഡിൽ കനത്ത മഴയിൽ തകർന്ന കെട്ടിടം
കൊഹിമ: കനത്ത മഴയെ തുടർന്ന് നാഗാലാൻഡിലെ മോൺ ജില്ലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായതായി റിപ്പോർട്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മോൺ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വീടുകൾക്കും റോഡുകൾക്കും വ്യാപക നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി പ്രധാന റോഡുകൾ ഗതാഗതയോഗ്യമല്ലാതായതിനാൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ വിതരണത്തിനും തടസ്സം നേരിടുന്നതായാണ് വിവരം.
ഞായറാഴ്ച പുലർച്ചെ മുതൽ തുടർച്ചയായി പെയ്യുന്ന മഴയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും വെള്ളക്കെട്ടിനും കാരണമായതെന്ന് നാഗാലാൻഡ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജോയിന്റ് സി.ഇ.ഒ ജോണി റുവാങ്‌മെയ് പറഞ്ഞു. കുന്നിൻ ചരിവുകളിലെ മണ്ണിടിച്ചിൽ പ്രധാന റോഡുകളിലെ ഗതാഗതം തടസ്സപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. സ്ത്രീകളും കുട്ടികളും അടക്കം എട്ടുപേരെ കാണാതായതായാണ് വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ദുരിതബാധിതർക്കായി അടിയന്തര സഹായവും പുനരധിവാസ നടപടികളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകുകയും ചെയ്തു.
അതേസമയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അപകട മേഖലയിൽനിന്ന് നിരവധി പേരെ മാറ്റിപാർപ്പിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

