തൊഴിലുറപ്പ് നിയമം റദ്ദാക്കാനുള്ള ബില്ലിനെതിരെ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാർ; ഗ്രാമീണ ദുരിതം വർധിപ്പിക്കുമെന്ന് ആക്ഷേപം
text_fieldsന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വി.ബി.ജി റാം ജി ബില്ലിനെതിരെ നാല് പ്രതിപക്ഷ മുഖ്യമന്ത്രിമാർ രംഗത്ത്. ബിൽ ഗ്രാമീണ മേഖലയിലെ ദുരിതം വർധിപ്പിക്കുമെന്നും, വിശപ്പ്, നിർബന്ധിത കുടിയേറ്റം എന്നിവക്കെതിരായ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും മുഖ്യമന്ത്രിമാർ പറഞ്ഞു.
ബില്ലിനെ വിമർശിച്ചുകൊണ്ട് കർണാടക, കേരളം, തമിഴ്നാട്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് രംഗത്തെത്തിയത്. ബില്ല് കേന്ദ്രത്തിന് കൂടുതൽ വിവേചനാധികാരം നൽകുന്നു, സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നു, പദ്ധതി നടപ്പാക്കേണ്ട പ്രദേശങ്ങൾ തീരുമാനിക്കാനിക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ അവകാശത്തെ കവർന്നെടുക്കുന്നു തുടങ്ങിയവയാണ് പുതിയ ബില്ലെനെതിരെ ഇവർ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങൾ.
രണ്ട് പതിറ്റാണ്ടിലേറെയായി കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിലവകാശം ഉറപ്പുവരുത്തിയിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം റദ്ദാക്കുന്ന വിബി-ജി റാം ജി ബിൽ പാസാക്കിയത് ഗ്രാമീണ ദരിദ്രരെയും ജനാധിപത്യത്തെയും സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ‘എക്സി’ൽ കുറിച്ചു. കോടിക്കണക്കിന് ഗ്രാമീണ കുടുംബങ്ങളുടെ തൊഴിലവകാശം സംരക്ഷിച്ചിരുന്ന ഒരു നിയമം, ശരിയായ ചർച്ചകളില്ലാതെ, സംസ്ഥാന സർക്കാറുകളുമായി കൂടിയാലോചിക്കാതെ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം പൂർണമായി അവഗണിച്ചുകൊണ്ട്, ജനാധിപത്യവിരുദ്ധമായ രീതിയിലാണ് ബില്ല് പാസാക്കിയത്. ഇത്രയും ദൂരവ്യാപകമായ ഒരു നിയമം പാർലമെന്‍റിലൂടെ ഈ രീതിയിൽ പാസാക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. വ്യാഴാഴ്ചയാണ് വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവക മിഷൻ (ഗ്രാമീൺ) ബിൽ പാർലമെന്റ് പാസാക്കിയത്. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബിൽ കേന്ദ്രം പാസാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

