ബാബരി മാതൃകയിൽ മസ്ജിദ് നിർമിക്കുന്നു; വൻ സുരക്ഷയിൽ ശിലയിട്ടു
text_fieldsതൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ പ്രഖ്യാപിച്ച ബാബരി മാതൃകയിലെ മസ്ജിദിന്‍റെ മുർഷിദാബാദിൽ നടത്തിയ ശിലയിടൽ ചടങ്ങിൽനിന്ന് (PTI Photo)
കൊൽക്കത്ത: അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനമായ ഇന്ന് ഡിസംബർ ആറിന് ബാബരി മാതൃകയിലെ മസ്ജിദിന് ശിലയിട്ടു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ റെജിനഗറിലാണ് നിർമാണം. സസ്പെൻഷനിലുള്ള തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീറിന്‍റെ നേതൃത്വത്തിലായിരുന്നു ശിലയിടൽ ചടങ്ങ്.
വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പണ്ഡിതർക്കൊപ്പം തൃണമൂൽ എം.എൽ.എ റിബൺ മുറിച്ചു. പൊലീസ്, ദ്രുത കർമസേന, കേന്ദ്ര സേന എന്നിവർ വൻ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയത്. നിരവധി പേർ രാവിലെ മുതൽ ശിലയിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സ്ഥലത്തെത്തിയിരുന്നു.
ശിലയിടൽ ചടങ്ങ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ഹുമയൂൺ കബീർ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി ഞാൻ ഒന്നും ചെയ്യുന്നില്ല. ആരാധനാലയം പണിയുന്നത് ഭരണഘടനാപരമായ അവകാശമാണ്. ബാബരി മസ്ജിദ് നിർമ്മിക്കും. പദ്ധതിക്ക് യാതൊരു സാമ്പത്തിക തടസ്സങ്ങളും നേരിടേണ്ടിവരില്ല. മസ്ജിദിന് പുറമെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഗസ്റ്റ് ഹൗസ് എന്നിവയും നിർമിക്കുമെന്നും 2026ലെ തെരഞ്ഞെടുപ്പിൽ മുസ്‍ലിംകൾ 90 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസാദ്യത്തിലാണ് ബാബരി മോഡൽ മസ്ജിദ് ഹുമയൂൺ കബീർ പ്രഖ്യാപിച്ചത്. ഇതോടെ എം.എൽ.എയെ വെച്ച് മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ മുസ്‍ലിംകളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തി. ഇതേതുടർന്ന് വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

