റായ്ബറേലിയിൽ ഹാരമണിയിച്ച് സ്വീകരിക്കുന്നതിനിടെ യു.പി മുൻ മന്ത്രിക്ക് മുഖത്തടിയേറ്റു
text_fieldsസ്വാമി പ്രസാദ് മൗര്യ
റായ്ബറേലി: ലോക് മോർച്ച മേധാവി പ്രാദേശിക അനുയായികൾ സംഘടിപ്പിച്ച സ്വീകരണചടങ്ങിനിടെ യു.പി മുൻ മന്ത്രിക്ക് ആൾക്കൂട്ടത്തിനിടെ യുവാവിന്റെ മുഖത്തടി. യു.പി മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യക്കാണ് മുഖത്തടിയേറ്റത്. ആപ്ന സമാജ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
റായ്ബറേലിയിലെ സിവിൽ ലൈൻസിലെത്തിയതായിരുന്നു മൗര്യ. അപ്പോഴാണ് പ്രവർത്തകർ സ്വീകരണം നൽകിയത്. മൗര്യയെ അനുയായികൾ ഹാരമണിയിച്ച് സ്വീകരിക്കുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്ന് മാലയിടാനെന്ന വ്യാജേന എത്തിയ ഒരാൾ അടിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വാമിയുടെ മുഖത്തടിച്ച ശേഷം ഓടിപ്പോകാൻ ശ്രമിച്ച ഇയാളെ അനുയായികൾ കൈയോടെ പിടികൂടി പെരുമാറിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇത്തരം ആളുകൾ പരസ്യമായി ക്രമസമാധാനം ലംഘിക്കുകയാണെന്ന് സംഭവത്തോട് പ്രതികരിച്ച സ്വാമി പ്രസാദ് മൗര്യ പറഞ്ഞു. യോഗി സർക്കാറിന്റെ കീഴിൽ ഗുണ്ടകളും മാഫിയകളും എത്രത്തോളം ശക്തരായി മാറിയെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അക്രമികൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

