ന്യൂഡൽഹി: ബി.ജെ.പി സ്ഥാപക നേതാക്കളിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ് (82) അന്തരിച്ചു. 2014ൽ വീഴ്ചയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായ അദ്ദേഹം പിന്നീട് സാധാരണ നിലയിലേക്ക് വന്നിട്ടില്ല. ഞായറാഴ്ച കാലത്ത് 6.55ന് ആർമി റിസർച്ച് ആൻഡ് റഫറൽ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ജൂൺ 25നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഞായറാഴ്ച വൈകീട്ട് രാജസ്ഥാനിലെ ജോധ്പുരിലെ ഫാം ഹൗസിൽ നടന്നു. മകൻ മൻവേന്ദ്ര സിങ് ചിതക്ക് തീ കൊളുത്തി.
സൈനികൻ, ഗ്രന്ഥകാരൻ, 1999ൽ നടന്ന കാന്തഹാർ വിമാനറാഞ്ചൽ പ്രതിസന്ധി കൈകാര്യം ചെയ്ത വിദേശകാര്യ മന്ത്രി, മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെയും അദ്വാനിയുടെയും അടുപ്പക്കാരൻ...ജസ്വന്ത് സിങ്ങിന് നിരവധി വിശേഷണങ്ങൾ ഉണ്ട്. വാജ്പേയി സർക്കാറിെൻറ കാലത്ത് പ്രതിരോധം, ധനകാര്യം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തു. ആസൂത്രണ കമീഷൻ ഉപാധ്യക്ഷൻ ആയിരുന്നു.
ബി.ജെ.പി സ്ഥാപക നേതാക്കളിൽ ഒരാൾ1938ൽ രാജസ്ഥാനിലെ ബാർമെർ ജില്ലയിലെ ജസോളിൽ ജനിച്ച അദ്ദേഹം രണ്ടു ദശകങ്ങൾ ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തു. പിന്നീട് ജോലി രാജിവെച്ച് രാഷ്ട്രീയത്തിലെത്തി പാർലമെൻററി രംഗത്ത് തിളങ്ങുകയും ചെയ്തു.നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു.