ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി മുൻ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദിയെ നിയമിക്കും
text_fieldsന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യയുടെ അടുത്ത ഹൈക്കമ്മീഷണറായി നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നിയമനമെന്നാണ് സൂചന.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണകാലത്തിന് ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങളും തുടർന്ന് രൂപീകരിച്ച ഇടക്കാല ഭരണകാലത്തുണ്ടായ പ്രശ്നങ്ങളും കാരണം ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തിൽ വിളളലുകൾ വന്നിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധികാരത്തിൽ വരികയും താരീഖ് റഹ്മാൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്.
സാധാരണയായി ഐ.എഫ്.എസ് ഉദ്യോഗസ്ഥർ വഹിക്കുന്ന ഈ പദവിയിലേക്ക് ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനെ നിയമിക്കുന്നത് ശ്രദ്ധേയമാണ്. നിലവിൽ ധാക്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്ന പ്രണയ് വർമ്മയെ യൂറോപ്യൻ യൂണിയനിലെ ഇന്ത്യൻ അംബാസഡറായി ബ്രസ്സൽസിലേക്ക് മാറ്റി നിയമിച്ചു. ഇതിന് പകരമായാണ് ദിനേശ് ത്രിവേദിയുടെ നിയമനം.
ആരാണ് ദിനേശ് ത്രിവേദി?
മുൻപ് തൃണമൂൽ കോൺഗ്രസ് നേതാവായിരുന്ന ദിനേശ് ത്രിവേദി യു.പി.എ സർക്കാരിൽ കേന്ദ്ര റെയിൽവേ മന്ത്രിയായും ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ബാരാക്പൂരിൽ നിന്നുള്ള എം.പിയായിരുന്ന അദ്ദേഹം 2021-ലാണ് ബി.ജെ.പിയിൽ ചേർന്നത്. 75 വയസ്സുകാരനായ ത്രിവേദിക്ക് വിവിധ രാഷ്ട്രീയ കക്ഷികളുമായുള്ള ബന്ധം നയതന്ത്ര രംഗത്ത് മുതൽക്കൂട്ടാകുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള നേതാവായ ത്രിവേദിക്ക് ബംഗ്ലാദേശിലെ സാംസ്കാരികവും രാഷ്ട്രീയവുമായ ചുറ്റുപാടുകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് ഇന്ത്യക്ക് ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

