ഇന്ത്യൻ വിദ്യാർഥികളിൽ ചിലർ യുക്രെയ്നിൽ തിരികെ എത്തിയതായി മുൻ പ്രധാനമന്ത്രി
text_fieldsകിയവ്: റഷ്യൻ ആക്രമണത്തെ തുടർന്ന് രാജ്യംവിട്ട ഇന്ത്യൻ വിദ്യാർഥികളിൽ ചിലർ യുക്രെയ്നിൽ തിരികെ എത്തിയതായി മുൻ പ്രധാനമന്ത്രി യൂലിയ ടിമോഷെങ്കോ. യുദ്ധം തുടങ്ങിയപ്പോൾ യുക്രെയ്നിൽ ഉണ്ടായിരുന്ന 18,000 വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിപ്പോയിരുന്നുവെന്നും യൂലിയ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സുസ്ഥിര സമാധാനത്തിനുള്ള കൂട്ടായ പ്രയത്നങ്ങൾക്ക് ഗുണം ചെയ്യും. ലോകത്തിലെ മഹത്തായ ജനാധിപത്യ രാജ്യത്തിന്‍റെ നേതാവായ മോദിക്ക് സമാധാനമുണ്ടാക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയാണ്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും യൂലിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ദ്വിദിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യുക്രെയ്നിലെത്തും. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തും.
യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. പ്രസിഡന്‍റ് വ്ളാദിമിർ സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് യുക്രെയ്ൻ സന്ദർശിക്കുന്നത്.
30 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശിക്കുന്നത്. ഒരു മാസം മുമ്പാണ് മോദി റഷ്യ സന്ദർശിച്ചത്. നേരത്തെ, ജി7 ഉച്ചകോടിക്കിടെ മോദി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

