ബി.ജെ.പി ഭരണത്തിൽ മുൻ രാഷ്ട്രപതിക്കും രക്ഷയില്ല; മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി പ്രതിഭ പാട്ടീലിന്റെ കുടുംബം
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രി ജയ്കുമാർ റാവൽ ഭൂമി കൈയേറിയതായി ആരോപിച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ കുടുംബം.ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്. ധൂലെ ജില്ലയിലെ ഷിർപൂർ താലൂക്കിലെ തങ്ങളുടെ പൂർവ്വിക ഭൂമി മന്ത്രിയും കൂട്ടാളികളും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്ന് ബന്ധുക്കൾ ആരോപിച്ചു.
കോടതി അനുകൂലമായ വിധി ഉണ്ടായിട്ടും രാഷ്ട്രീയ സ്വാധീനവും ഭീഷണിയും ഉപയോഗിച്ച് ബി.ജെ.പി മന്ത്രി ജയ്കുമാർ റാവൽ ഭൂമി കയ്യേറ്റം തുടരുകയാണെന്ന് പ്രതിഭ പാട്ടീലിന്റെ സഹോദരനും മരുമകനും മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്വത്തിനുമേൽ റാവൽ മുമ്പ് നിയമപരമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, കോടതി അതിനെതിരായി വിധി പറയുകയും പാട്ടീൽ കുടുംബത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുകയും ചെയ്തു. വിധി ലംഘിച്ച് റാവലും അനുയായികളും ഭൂമി വിട്ടുനൽകാൻ വിസമ്മതിച്ചതായി അവർ ആരോപിക്കുന്നു.
‘കോടതി ഉത്തരവ് പ്രകാരം ഭൂമി കൈവശപ്പെടുത്താൻ പോയപ്പോൾ ജയകുമാർ റാവലിന്റെ ഗുണ്ടകൾ ഞങ്ങളെ ഓടിച്ചു. നിയമപരമായ ഉത്തരവ് ഉണ്ടായിരുന്നിട്ടും പ്രാദേശിക ഗുണ്ടകളുടെ സഹായത്തോടെ ഞങ്ങളെ ഉപദ്രവിക്കുന്നത് തുടരുകയാണെന്നും’ മുൻ രാഷ്ട്രപതിയുടെ അനന്തരവൻ ഉദയ് പാട്ടീൽ പറഞ്ഞു.
പ്രമുഖ ബി.ജെ.പി നേതാവും സിന്ധ്ഖേഡയിൽ നിന്നുള്ള സിറ്റിങ് എം.എൽ.എയുമായ റാവൽ, ഞങ്ങളുടെ ന്യായമായ അവകാശവാദം അടിച്ചമർത്താൻ തന്റെ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യുകയാണെന്ന് പാട്ടീൽ ആരോപിച്ചു. റാവൽ ആ ഭൂമിയിൽ നിയമവിരുദ്ധമായി കൃഷി ചെയ്യുകയായിരുന്നു. ഇപ്പോൾ ഞങ്ങൾ കേസ് വിജയിച്ചതിനാൽ അത് കൈമാറാൻ വിസമ്മതിക്കുന്നു. ഞങ്ങളെ ഭീഷണിപ്പെടുത്താൻ അദ്ദേഹം ക്രിമിനലുകളെ പോലും അയച്ചുവെന്നും ഉദയ് പാട്ടീൽ കൂട്ടിച്ചേർത്തു.
പൊലീസ് അദ്ദേഹത്തെ പൂർണമായും പിന്തുണക്കുകയാണ്. ഞങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ അവർ ഒരു നടപടിയും സ്വീകരിച്ചില്ല. ഒരു മുൻ രാഷ്ട്രപതിയുടെ കുടുംബത്തിനാണ് ഇത് സംഭവിക്കുന്നതെങ്കിൽ ഒരു സാധാരണ പൗരന് എന്ത് പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനും ഭൂമിയുടെ നിയമപരമായ കൈവശാവകാശം പുനഃസ്ഥാപിക്കുന്നതിനും ഉന്നത അധികാരികൾ ഉടൻ ഇടപെടണമെന്ന് പാട്ടീൽ കുടുംബം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങളോട് മന്ത്രി ജയ്കുമാർ റാവൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

