മുംബൈ: മഹാരാഷ്ട്രയിലെ മുതിർന്ന െഎ.പി.എസ് ഉദ്യോഗസ്ഥൻ ഹിമാൻഷു റോയ് (54) ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിൽ നരിമാൻ പോയൻറിലെ വസതിയിൽ സ്വയം വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം.
ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അർബുദവും തുടർന്നുണ്ടായ വിഷാദരോഗവും കാരണമാണ് ജീവനൊടുക്കുന്നത് എന്നാണ് കുറിപ്പിലുള്ളതെന്ന് റിപ്പോർട്ടുണ്ട്. സർവിസ് റിവോൾവർ ഉപയോഗിച്ച് വായിലാണ് വെടിയുതിർത്തത്. പരേതന് ഭാര്യയും അമ്മയുമുണ്ട്. 1988 ബാച്ച് െഎ.പി.എസ് ഒാഫിസറായ ഹിമാൻഷു രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. എ.ഡി.ജി.പി ആയ അദ്ദേഹം 2016 മുതൽ അവധിയിലാണ്.
മഹാരാഷ്ട്ര പൊലീസിലെ പല ഉന്നത പദവികളും വഹിച്ചിട്ടുണ്ട്. ഭീകര വിരുദ്ധ സേന (എ.ടി.എസ്) യുടെയും ക്രൈം ബ്രാഞ്ചിെൻറയും മേധാവിയായിരുന്നു. പ്രമാദമായ പല കേസുകളും അന്വേഷിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ജെ. ഡെ, നടി ലൈല ഖാൻ തുടങ്ങിയവരുടെ കൊലപാതകം, യു.എസിൽ ജനിച്ച ലശ്കർ പ്രവർത്തകൻ ഡേവിഡ് ഹെഡ്ലിയുടെ ഭീകരദൗത്യം, െഎ.പി.എൽ തട്ടിപ്പ് തുടങ്ങിയവ ഇതിൽപെടും.
ധൈര്യശാലിയും കഠിനാധ്വാനിയുമായ ഉദ്യോഗസ്ഥനായിരുന്നു ഹിമാൻഷുവെന്ന് മുംബൈ പൊലീസ് മുൻ കമീഷണർ എം.എൻ. സിങ് പറഞ്ഞു. അദ്ദേഹത്തിെൻറ പല സഹപ്രവർത്തകരും മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. ഹിമാൻഷുവിന് ബോളിവുഡിലെയും മുംബൈ സാമൂഹിക രംഗത്തെയും പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.