മുൻ എം.പി പ്രജ്വൽ രേവണ്ണ ജയിൽ ലൈബ്രറി ക്ലർക്ക്; ദിവസക്കൂലി 522 രൂപ
text_fieldsബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും ബലാത്സംഗത്തിന് ജീവപര്യന്തം തടവ് അനുഭവിക്കുന്ന മുൻ ജെ.ഡി.(എസ്) എംപിയുമായ പ്രജ്വൽ രേവണ്ണക്ക് പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി ജോലി നൽകി. പ്രതിദിനം 522 രൂപ ലഭിക്കും. മറ്റ് തടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, എടുത്ത പുസ്തകങ്ങളുടെ രേഖകളും കണക്കും സൂക്ഷിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ജോലിയെന്ന് ജയിൽ അധികൃതർ പിടിഐയോട് പറഞ്ഞു.
ജോലികൾ കൃത്യമായി പൂർത്തിയാക്കിയാൽ മാത്രമേ 522 രൂപക്ക് അർഹതയുള്ളൂ. ജയിൽ നിയമങ്ങൾ അനുസരിച്ച്, ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള ജോലികൾ ചെയ്യേണ്ടതുണ്ട്, കൂടാതെ അവരുടെ കഴിവുകളും സന്നദ്ധതയും അനുസരിച്ചാണ് നിയമനങ്ങൾ നൽകുന്നത് ജയിൽ ഉദ്യോഗസ്ഥർ ഞായറാഴ്ച പറഞ്ഞു. രേവണ്ണ ആദ്യം അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ജയിൽ അധികൃതർ ലൈബ്രറിയിലേക്ക് മാറ്റുകയായിരുന്നു.
ഇതിനകം ആദ്യ ദിവസത്തെ ജോലി പൂർത്തിയാക്കി. തടവുകാർ ആഴ്ചയിൽ മൂന്ന് ദിവസം, മാസത്തിൽ കുറഞ്ഞത് 12 ദിവസമെങ്കിലും ജോലി ചെയ്യേണ്ടതുണ്ട്. മൈസൂരുവിൽ 47 വയസ്സുള്ള വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അത് റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചതിന് കഴിഞ്ഞ മാസം, രേവണ്ണയെ ജീവപര്യന്തം തടവിനും 11 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.കഴിഞ്ഞ വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രജ്വൽ രേവണ്ണ ചിത്രീകരിച്ച അശ്ലീല വിഡിയോകൾ പ്രചരിച്ചതിനെ തുടർന്നാണ് രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്. ഹാസനിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു രേവണ്ണ.
2024 ഡിസംബർ 31ന് വിചാരണ ആരംഭിച്ചു. ഏഴ് മാസത്തിനുള്ളിൽ 23 സാക്ഷികളെ വിസ്തരിക്കുകയും വിഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടുകളും കുറ്റകൃത്യം നടന്ന സ്ഥലപരിശോധന റിപ്പോർട്ടുകളും പരിശോധിക്കുകയും ചെയ്തു. വിചാരണ വേളയിൽ അതിജീവിത തെളിവായി സമർപ്പിച്ച സാരി ഫോറൻസിക് പരിശോധന നടത്തുകയും, സാരിയിൽ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ബലാത്സംഗം നടന്നതിനുള്ള പ്രധാന തെളിവായി കോടതി അംഗീകരിക്കുകയുമായിരുന്നു.
ഇൻസ്പെക്ടർ ശോഭയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം 2,000 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. താൻ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ മോർഫ് ചെയ്തതാണെന്നും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ടെന്നും രേവണ്ണ അവകാശപ്പെട്ടു. രേവണ്ണയെ ഐ.പി.സി 376(2)(k), 376(2)(n) എന്നീ വകുപ്പുകളും 354(A), 354(B), 354(C) എന്നീ വകുപ്പുകളും പ്രകാരമാണ് കുറ്റക്കാരനെന്ന് വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

