മുൻ എം.എൽ.എമാരായ മലികയ്യ ഗുട്ടേദാറും ശാരദ ഷെട്ടിയും കോൺഗ്രസിൽ
text_fieldsബംഗളൂരുവിലെ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ മുൻ എം.എൽ.എമാരായ മലികയ്യ
ഗുട്ടേദാർ, ശാരദ മോഹൻ ഷെട്ടി എന്നിവർക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി
ഡി.കെ. ശിവകുമാറും പാർട്ടി പതാക കൈമാറുന്നു
ബംഗളൂരു: മുൻ ബി.ജെ.പി എം.എൽ.എമാരായ മലികയ്യ ഗുട്ടേദാർ, ശാരദ മോഹൻ ഷെട്ടി എന്നിവർ കോൺഗ്രസിൽ ചേർന്നു. വെള്ളിയാഴ്ച ബംഗളൂരുവിലെ കർണാടക കോൺഗ്രസ് ഓഫിസായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ എന്നിവർ ചേർന്ന് പാർട്ടി പതാക കൈമാറി ഇരുവരെയും സ്വീകരിച്ചു.
കലബുറഗി അഫ്സൽപൂരിൽനിന്ന് ആറു തവണ എം.എൽ.എയായ ഗുട്ടേദാർ മുൻ മന്ത്രി കൂടിയാണ്. മലികയ്യ ഗുട്ടേദാറിന്റെ സഹോദരൻ നിതിൻ വെങ്കയ്യ ഗുട്ടേദാറിനെ ബി.ജെ.പി കലബുറഗിയിൽ സ്ഥാനാർഥിയാക്കിയതിൽ അസ്വസ്ഥനായാണ് മലികയ്യ ബി.ജെ.പി വിട്ടത്. ഇരുവരും സ്വരച്ചേർച്ചയിലല്ല കഴിയുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഫ്സൽപൂരിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച മലികയ്യക്കെതിരെ സ്വതന്ത്രനായി നിതിൻ മത്സരിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയായ എം.വൈ. പാട്ടീൽ വിജയിച്ചപ്പോൾ നിതിൻ രണ്ടും മലികയ്യ മൂന്നും സ്ഥാനത്തായി. മുമ്പ് കോൺഗ്രസിലായിരുന്ന മലികയ്യയും നിതിനും പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു.
മലികയ്യയെ കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ മുഖ്യ പങ്കുവഹിച്ചു. മല്ലികാർജുന ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി മത്സരിക്കുന്ന കലബുറഗിയിൽ ഗുട്ടേദാറിനെ കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാനായത് പ്രചാരണത്തിൽ ഗുണം ചെയ്യും.
ഉത്തര കന്നട ജില്ലയിലെ കുംത മണ്ഡലത്തിൽനിന്നുള്ള നേതാവാണ് ശാരദ മോഹൻ ഷെട്ടി. 2013 നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എം.എൽ.എയായി വിജയിച്ച ശാരദ 2018ൽ ബി.ജെ.പി സ്ഥാനാർഥിയോട് തോറ്റിരുന്നു.
പിന്നീട് 2023ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുംത മണ്ഡലം മാർഗരറ്റ് ആൽവയുടെ മകൻ നിവേദിത് ആൽവക്ക് നൽകിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ശാരദ ഷെട്ടി ബി.ജെ.പിയിൽ ചേർന്നിരുന്നു. പാർട്ടി വിട്ടവരെ തിരിച്ചെത്തിക്കുന്ന കോൺഗ്രസിന്റെ ഓപറേഷൻ ഹസ്തയുടെ ഭാഗമായാണ് ശാരദയും തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

