ലഖീംപൂർ: ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ മുൻ എം.എൽ.എയെ മർദിച്ച് കൊലപ്പെടുത്തി. നിഘാസൻ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ നിയമസഭ സമാജികനായി തെരഞ്ഞെടുക്കപ്പെട്ട നിർവേന്ദ്ര കുമാർ മിശ്രക്കാണ് ദാരുണാന്ത്യം.
നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള ഭൂമി തര്‍ക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. ത്രിക്കോലിയ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു തർക്ക ഭൂമി. ഞായറാഴ്ച ഒരു സംഘം ഭൂമി പിടിച്ചെടുക്കാൻ ആയുധങ്ങളുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മിശ്രയും മകൻ സഞ്ജീവും ചേർന്ന് അവരെ തടഞ്ഞു. എന്നാൽ ഇരുവരെയും അക്രമികൾ ക്രൂര മർദനത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ മിശ്ര ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഞ്ജീവ് ആശുപത്രിയിൽ ചികിത്സയിലാണ്. മിശ്രയുടെ മരണത്തിന് പിന്നാലെ നാട്ടുകാർ സമ്പൂർണനഗർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
അക്രമണം കൊണ്ടല്ലെന്നും മറിച്ച് സംഘർഷത്തിനിടെ വീണതാണ് മരണ കാരണമെന്നാണ് പൊലീസ് ഭാഷ്യം. പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്തുവന്നാൽ മാത്രമാണ് മിശ്രയുടെ മരണത്തിെൻറ കാരണം വ്യക്തമാകുകയുള്ളൂ.
75 കാരനായ മിശ്ര രണ്ട് തവണ സ്വതന്ത്രനായും ഒരു വട്ടം സമാജ്വാദി പാർട്ടി ടിക്കറ്റിലുമായിരുന്നു വിജയിച്ചത്.
യോഗ്യ ആദിത്യനാഥിെൻറ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായി കിടക്കുകയാണെന്നും ജംഗിൾ രാജാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
ബി.എസ്.പി അധ്യക്ഷ മായാവതിയും മിശ്രയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ ജില്ലയിൽ മുൻ എം.എൽ.എയെ കൊലപ്പെടുത്തിയ സംഭവം അത്യന്തം സങ്കടകരവും ആശങ്കാജനകവുമാണെന്ന് മായാവതി ട്വീറ്റ് ചെയ്തു.
ലഖീംപൂർ ഖേരി ജില്ലയിൽ മൂന്നാഴ്ച്ചക്കിടെ മൂന്ന് പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.