മുൻ ലോക്സഭ സ്പീക്കർ മനോഹർ ജോഷി അന്തരിച്ചു
text_fieldsമുംബൈ: മുൻ ലോക്സഭാ സ്പീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ശിവസേന നേതാവ് മനോഹർ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ പി.ഡി. ഹിന്ദുജ ആശുപത്രിയിലാണ് അന്ത്യം. 86 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ മേയിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ശിവസേന സ്ഥാപകൻ ബാൽ താക്കറയുടെ വിശ്വസ്തനായ മനോഹർ ജോഷി മുംബൈ നഗരസഭാ മേയറും ആയിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് 1976ൽ ജോഷി മേയർ പദവിയിലെത്തിയത്.
1995ൽ ശിവസേന-ബി.ജെ.പി സഖ്യം അധികാരത്തിലെത്തിയപ്പോൾ മനോഹർ ജോഷിയെയാണ് മുഖ്യമന്ത്രിയാകാൻ ബാൽ താക്കറെ നിയോഗിച്ചത്. മരുമകന്റെ പേരിലുള്ള ഭൂമി വിവാദത്തെ തുടർന്ന് 99ൽ രാജിവച്ചു. 2002ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന വാജ്പേയ് സർക്കാരിൽ ലോക്സഭ സ്പീക്കറായി.
അനഘയാണ് ഭാര്യ. മക്കൾ: ഉമേഷ് ജോഷി, അസ്മിത, നർമദ വാഗ്. നടി ഷർവരി വാഗ് പേരമകളാണ്. സംസ്കാരം ദാദറിലെ ശിവജി പാർക്കിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

