ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ജയിൽമോചിതനായി
text_fieldsകണ്ണൂർ: വധശ്രമക്കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്ന ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ മോചിതനായി. അദ്ദേഹത്തിനെതിരായ ശിക്ഷ ഹൈകോടതി തടഞ്ഞതോടെ ബുധനാഴ്ച രാത്രി എട്ടോടെയാണ് ജയിലിൽനിന്നിറങ്ങിയത്.
എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നതായി ജയിൽ മോചിതനായശേഷം മുഹമ്മദ് ഫൈസൽ പ്രതികരിച്ചു. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കവരത്തി കോടതി ഉത്തരവും ശിക്ഷാവിധിയും മരവിപ്പിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസൽ ജയിൽമോചിതനായത്.
ഹൈകോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നുപറഞ്ഞ അദ്ദേഹം, ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യകത എന്താണെന്നും ആർക്കാണ് ധിറുതിയെന്നും ചോദിച്ചു. ‘‘ഇതിൽ ആരുടെയോ താൽപര്യമുണ്ടെന്ന് കരുതുന്നു. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരത്തിനെതിരെ പ്രതികരിച്ചതുകൊണ്ടാണ് എനിക്കുപകരം ഒരാളെ അവിടെ സ്ഥാപിക്കണമെന്ന ധിറുതി വരുന്നത്’’-മുഹമ്മദ് ഫൈസൽ പറഞ്ഞു. ഒപ്പം ശിക്ഷിക്കപ്പെട്ട സഹോദരന്‍ അമീന്‍, പഠിപ്പുര ഹുസൈന്‍ തങ്ങള്‍, ബഷീര്‍ തങ്ങള്‍ എന്നിവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു മോചിതരായി.