'മനോഹരം, വളരെ മനോഹരം!'; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ യു.പി പൊലീസ് തല്ലിച്ചതക്കുന്നതിൽ ആഹ്ലാദിച്ച് മുൻ കേരള ഡി.ജി.പി
text_fieldsപ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരെ ഉത്തർപ്രദേശ് പൊലീസ് തല്ലിച്ചതക്കുന്നതിൽ ആഹ്ലാദിച്ചും മർദനത്തിന്‍റെ വിഡിയോ പങ്കുവെച്ചും മുന്‍ കേരള ഡി.ജി.പി എന്‍.സി. അസ്താന. വളരെ മനോഹരമായ രംഗം എന്ന ക്യാപ്ഷനോടെയാണ് കസ്റ്റഡിയിലെടുത്ത യുവാക്കളെ പൊലീസുകാര്‍ ലാത്തി കൊണ്ട് തല്ലിച്ചതക്കുന്നതിന്‍റെ വിഡിയോയും ഫോട്ടോകളും സമൂഹമാധ്യമമായ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങളും 1986 കേരള ബാച്ച് ഐ.പി.എസ് ഓഫിസറായ നിര്‍മല്‍ ചന്ദ്ര അസ്താന പങ്കുവെച്ചിട്ടുണ്ട്.
പൊലീസ് ക്രൂരതയെ വാഴ്ത്തുന്ന അസ്താന യോഗി ആദിത്യനാഥിനെ പുകഴ്ത്തിയും പൊലീസിനെ അഭിനന്ദിച്ചും ട്വീറ്റ് ചെയ്തു. 'വളരെ മനോഹരമായ രംഗം! മനോഹരം, വളരെ മനോഹരം! അങ്ങനെയാണ് ആ ചങ്കൂറ്റം പുറത്തുവരുന്നത്!' എന്നാണ് പൊലീസ് യുവാക്കളെ സ്റ്റേഷനിൽ നിർത്തി തല്ലിച്ചതക്കുന്ന വീഡിയോക്ക് ഇയാൾ ഹിന്ദിയില്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
പൊലീസ് ലാത്തികൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതാണെന്ന വിശേഷണത്തോടെയാണ് പൊലീസിന്റെ ലാത്തിയടിയേറ്റ് ആളുകള്‍ ഓടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'അല്ല, ഇത് ഏതോ നൃത്ത മത്സരത്തിലെ രംഗമല്ല! പക്ഷേ, ഇതാണ് നൃത്തം, പൊലീസ് ലാത്തികൊണ്ടുള്ള നൃത്തം! പോളികാർബണേറ്റ് പൈപ്പുകൾ പൊലീസിൽ അവതരിപ്പിച്ച ദിവസത്തിൽ ഞാൻ ഖേദിക്കുന്നു. നല്ല, പഴയ, ലിൻസീഡ് ഓയിൽ തേച്ചുപിടിപ്പിച്ച മുള ലാത്തികൾ ഗുണ്ടകളിൽ നിന്ന് വളരെ മികച്ച നർത്തകിയെ പുറത്തെടുക്കുന്നു' -അസ്താന ട്വീറ്റ് ചെയ്തു.
'സമാധാനപരമായ പ്രതിഷേധം അടിസ്ഥാന അവകാശമാണ്. പക്ഷെ കല്ലെറിയുന്നത് അവകാശമല്ല. പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും മാത്രം പ്രയോഗിക്കാന്‍ ഒരു നിയമവും പറയുന്നില്ല. ആവശ്യമെങ്കില്‍ വെടിവച്ച് കൊല്ലാന്‍ പൊലീസിന് അനുമതി നല്‍കിയ നിരവധി കോടതി വിധികള്‍ ഉണ്ടായിട്ടുണ്ട്'- അസ്താന മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
പരമാനന്ദം, മഹാരാജ് ജി യോഗി ആദിത്യനാഥ് കരളിന് കുളിർമ വരുത്തി എന്നാണ് സഹാറൻപൂരിലെ ബുൾഡോസർരാജിനെ വാഴ്ത്തിയുള്ള ട്വീറ്റ്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത്. 300ലധികം ആളുകളാണ് യു.പിയില്‍ മാത്രം അറസ്റ്റിലായത്.
പൊലീസ് കസ്റ്റഡിയിലെടുത്തവരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

