കൽക്കരി അഴിമതി കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധുകോഡ കുറ്റക്കാരൻ
text_fieldsന്യൂഡൽഹി: യു.പി.എ സർക്കാറിെൻറ കാലത്ത് ദേശീയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച കൽക്കരിപ്പാടം അഴിമതിക്കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ ഉൾപ്പെടെ നാലുപേർ കുറ്റക്കാർ. കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്.സി. ഗുപ്തയടക്കമുള്ളവരുടെ ശിക്ഷ പ്രത്യേക സി.ബി.െഎ കോടതി വ്യാഴാഴ്ച പ്രഖ്യാപിക്കും.
പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിനുമേൽ കരിനിഴൽ വീഴ്ത്തിയ കേസാണിത്. ഝാർഖണ്ഡിലെ മുൻ ചീഫ് സെക്രട്ടറി എ.കെ. ബസുവും സ്വകാര്യകമ്പനിയായ വിനി അയേൺ ആൻഡ് സ്റ്റീൽ ഉദ്യോഗും കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.െഎ ജഡ്ജി ഭരത് പരാശർ കണ്ടെത്തി. കൊൽക്കത്ത ആസ്ഥാനമായ വിനി അയേണിന് വടക്കൻ ഝാർഖണ്ഡിലെ രജാറ കൽക്കരിപ്പാടം ഖനനത്തിന് നൽകിയതിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി കോടതി പറഞ്ഞു. െഎ.പി.സി 120ബി (ക്രിമിനൽ ഗൂഢാലോചന), 420 (വഞ്ചന), 409 (സർക്കാർ ഉദ്യോഗസ്ഥരുടെ കുറ്റകരമായ വഞ്ചന) എന്നീ വകുപ്പുകളും അഴിമതിനിരോധനനിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തി.
അതേസമയം, നാല് പ്രതികളെ കോടതി വെറുതെവിട്ടു. വിനി അയേൺ ആൻഡ് സ്റ്റീൽ ഡയറക്ടർ വൈഭവ് തുൾസ്യാൻ, സർക്കാർ ഉദ്യോഗസ്ഥരായ ബസന്ത്കുമാർ ഭട്ടാചാര്യ, ബിപിൻ ബിഹാരി സിങ്, ചാർേട്ടഡ് അക്കൗണ്ടൻറ് നവീൻ കുമാർ തുൾസ്യാൻ എന്നിവരെയാണ് വിട്ടയച്ചത്. മധു കോഡ 2006 സെപ്റ്റംബർ മുതൽ 2008 ആഗസ്റ്റ് വരെയാണ് കോൺഗ്രസ് സർക്കാറിൽ മുഖ്യമന്ത്രിയായിരുന്നത്.
രാഷ്ട്രീയത്തെ ഇളക്കിമറിച്ച കേസ്
2004നും 2009നും ഇടയിൽ കൽക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിആരോപണം അന്നത്തെ പ്രധാനമന്ത്രി േഡാ. മൻമോഹൻ സിങ്ങിെൻറ പ്രതിച്ഛായക്കുമേൽ കരിനിഴൽ വീഴ്ത്തിയ സംഭവമാണ്. 2007 ജനുവരി എട്ടിനാണ് വിനി അയേൺ ആൻഡ് സ്റ്റീൽ കൽക്കരിപ്പാടം ഖനനത്തിന് ലഭിക്കാൻ അപേക്ഷ നൽകിയത്. ഝാർഖണ്ഡ് സർക്കാറോ ഉരുക്ക് മന്ത്രാലയമോ ഇൗ കമ്പനിയുടെ പേര് ശിപാർശ ചെയ്തില്ല. എന്നിട്ടും സ്ക്രീനിങ് കമ്മിറ്റിയുടെ 36ാമത് യോഗം കമ്പനിയുടെ പേര് ശിപാർശ ചെയ്തു.
കമ്പനിയുടെ പേര് ശിപാർശ ചെയ്തില്ലെന്നകാര്യം കമ്മിറ്റി ചെയർമാനായിരുന്ന കൽക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി. ഗുപ്ത അന്ന് കൽക്കരിമന്ത്രാലയ ചുമതലകൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് മറച്ചുവെച്ചു. മധു കോഡ, ബസു എന്നിവരും രണ്ട് സർക്കാർ ഉദ്യോഗസ്ഥരും വിനി അയേൺ ആൻഡ് സ്റ്റീലിന് കൽക്കരിപ്പാടം നൽകാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.െഎ കുറ്റപത്രം.
കൽക്കരിപ്പാടങ്ങൾ ഖനനത്തിന് നൽകിയതിലെ ക്രമക്കേട് കാരണം രാജ്യത്തിന് 1.86 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് 2014ൽ സുപ്രീംകോടതി ഖനനാനുമതി റദ്ദാക്കി. 2014 ഡിസംബർ 14നാണ് മധു കോഡക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എച്ച്.സി. ഗുപ്ത ഇതുമായി ബന്ധപ്പെട്ട എട്ട് കേസുകളിൽ പ്രതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
