ഡൽഹി: 2019ൽ പാർട്ടിവിട്ടുപോയ ജാർഖണ്ഡ് മുൻ കോൺഗ്രസ് പ്രസിഡൻറ് അജോയ് കുമാർ തിരിച്ചെത്തി. ആം ആദ്മി പാർട്ടിയിൽ നിന്നാണ് അദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയത്. 'മുൻ എംപിയും ജാർഖണ്ഡ് പിസിസിയുടെ മുൻ പ്രസിഡൻറുമായ അജോയ് കുമാറിനെ കോൺഗ്രസ് പാർട്ടിയിൽ വീണ്ടും ചേരാനുള്ള നിർദ്ദേശത്തിന് കോൺഗ്രസ് പ്രസിഡൻറ് സോണിയഗാന്ധി അംഗീകാരം നൽകി'-എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
'രാജ്യത്ത് നടക്കുന്ന അനീതിക്കും സ്ഥാപനങ്ങളുടെ പിടിച്ചെടുക്കലിനുമെതിരെ സംസാരിക്കാൻ രാഹുൽ ഗാന്ധി തെന്ന പ്രചോദിപ്പിച്ചതായും അതിനാൽ കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ചതായും'അജോയ് കുമാറും ട്വീറ്റ് ചെയ്തു. 'രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികൾെക്കതിരെ പോരാടാൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ജനങ്ങളെ പിന്തുണച്ചു. ഇന്ത്യയെന്ന ആശയത്തിൽ ഉറച്ചുനിൽക്കുന്നതിൽ അവർ സ്ഥിരത പുലർത്തുന്നതിനെ ഞാൻ അഭിനന്ദിക്കുന്നു. ഇത് എന്നെ വീണ്ടും കോൺഗ്രസിലേക്ക് വരാൻ പ്രേരിപ്പിച്ചു'-അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും പതിനഞ്ചാം ലോക്സഭയിൽ ജംഷദ്‌പൂരിൽ നിന്നുള്ള എംപിയുമായിരുന്നു അജോയ് കുമാർ. കഴിഞ്ഞ വർഷം ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നിന്ന് പുറത്തുപോവുകയായിരുന്നു. 2017 നവംബറിൽ ജെപിസിസി പ്രസിഡൻറായി നിയമിതനായി. 2019 ഓഗസ്റ്റിൽ രാജിവയ്ക്കുകയും അടുത്ത മാസം ആം ആദ്മി പാർട്ടിയിൽ ചേരുകയുമായിരുന്നു.