മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലെ കേന്ദ്രസർക്കാറിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽ നിന്ന് രാജിവെച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു. ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് അംഗത്വം നൽകിയത്. കനയ്യ കുമാർ ഉൾപ്പെടെയുള്ള അംഗങ്ങൾ എ.ഐ.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.
കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സമയത്താണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവെച്ചത്. കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശവും ഭരണഘടന അവകാശവും ലംഘിക്കുന്നുവെന്നും രാജ്യത്തെ പൗരൻ എന്ന നിലയിൽ നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കേന്ദ്രസർക്കാറിന്റെ പ്രതിഛായ കളങ്കപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കുറ്റപത്രം നൽകി. അതിനു പിന്നാലെയാണ് കണ്ണൻ ഗോപിനാഥൻ ദാദ്ര നഗർ ഹവേലിയിലെ ഊർജ സെക്രട്ടറി പദവി രാജിവെച്ചത്. അതുമാത്രമല്ല, നോട്ടുനിരോധനമടക്കം കേന്ദ്രസർക്കാറിന്റെ പല നയങ്ങളിലും രൂക്ഷവിമർശനമുന്നയിക്കുകയും ചെയ്തു.
രാജിവെച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ കണ്ണൻ ഗോപിനാഥനോട് തിരികെ സർവിസിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കത്തയച്ചിരുന്നു. രാജി സ്വീകരിച്ചിട്ടില്ലെന്നും കോവിഡ് വ്യാപനത് തിന്‍റെ പശ്ചാത്തലത്തിൽ സർവിസിൽ തിരികെ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് ലഭിച്ചത്. എന്നാൽ, ആവശ്യം നിരസിക്കുന്നതായും ഐ.എ.എസ് പദവി ഇല്ലാതെ തന്നെ കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും കണ്ണൻ ഗോപിനാഥൻ മറുപടി നൽകി.
അതിനു ശേഷം രാജ്യത്ത് നടന്ന സി.ഐ.എ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റ് ജനകീയ സമരങ്ങളിലും സജീവമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരിൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
2012 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു കോട്ടയം സ്വദേശിയായ കണ്ണൻ ഗോപിനാഥൻ. കണ്ണൻ ഗോപിനാഥന് പിന്നാലെ ജമ്മുകശ്മീരിലെ നയങ്ങളിൽ പ്രതിഷേധിച്ച് മറ്റൊരു ഐ.എ.എസ് ഉദ്യോഗസ്ഥനായ ശശികാന്ത് സെന്തിലും രാജിവെച്ചിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ശശി കാന്ത് സെന്തിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്ന് മത്സരിച്ച് വിജയിക്കുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കണ്ണൻ ഗോപിനാഥൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

